ഇനി മുതൽ ഒറിജിനലല്ലാത്ത വിഡിയോകൾ നിർമിച്ച് അപ്‌ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിച്ച്പ്ര മുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ഈ പ്ലാറ്റ്‌ഫോമിൽ ചില കണ്ടന്റ് ക്രിയേറ്റർമാർ ആവർത്തന വിരസവും കൃത്രിമവുമായ വിഡിയോകൾ വൻതോതിൽ നിർമ്മിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
കണ്ടന്റിന്റെ നിലവാരം മെച്ചപ്പെടുത്താൻ എഐ ഉപയോഗിക്കുന്നത് മറ്റ് നയപരമായ ആവശ്യകതകൾ പാലിക്കുകയാണെങ്കിൽ ഇപ്പോഴും മോണിറ്റൈസേഷന് യോഗ്യമാണെന്ന് യൂട്യൂബ് വ്യക്തമാക്കി. യാതൊരു പ്രയത്നവുമില്ലാതെ എഐ ഉപയോഗിച്ച് നിർമിച്ച സ്പാം വിഡിയോകൾ നിറഞ്ഞ ചാനലുകളെയാകും ഇത്തരത്തിൽ ബാധിക്കുക.
എഐയുടെ കഴിവുകൾ മുതലെടുത്ത് വ്യാജ കണ്ടന്റുകൾ വ്യാപകമായി അപ്‌ലോഡ് ചെയ്ത് പണമുണ്ടാക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കാനാണ് ആൽഫബെറ്റിന് കീഴിലുള്ള യൂട്യൂബ് ശ്രമിക്കുന്നത്. ജൂലൈ 15 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നേക്കും.
എന്നാൽ യൂട്യൂബിന്റെ ഈ പുതിയ നീക്കം യൂട്യൂബർമാരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാക്ഷൻ വിഡിയോകൾ, ഫീച്ചേഡ് ക്ലിപ്പുകൾ തുടങ്ങിയവയിൽ നിന്ന് ഇനി പണമുണ്ടാക്കാൻ കഴിഞ്ഞേക്കില്ലെന്ന ആശങ്കയിലാണ് പലരും. എന്നാൽ, അത്തരം സംശയങ്ങൾ വേണ്ടെന്നാണ് യൂട്യൂബിന്റെ ഹെഡ് ഓഫ് എഡിറ്റോറിയൽ ആൻഡ് ക്രിയേറ്റർ ലെയ്‌സൺ (Head of Editorial and Creator Liaison) റെനി റിച്ചി പ്രതികരിച്ചിരിക്കുന്നത്. കാലങ്ങളായി യൂട്യൂബ് പിന്തുടരുന്ന നയങ്ങൾക്കും നിയമങ്ങൾക്കും മാറ്റമുണ്ടാവില്ല. എന്നാൽ ആവർത്തന സ്വഭാവമുള്ള വീഡിയോകൾ കൂട്ടത്തോടെ ചെയ്യുന്ന യൂട്യൂബേഴ്സിനെയാവും ബാധിക്കുകയെന്നും റെനി റിച്ചി പറയുന്നു. എന്തായാലും യൂട്യൂബിന്റെ ഈ പുതിയ നീക്കം നിരവധി പേരെയാണ് അങ്കലാപ്പിലാക്കിയിരിക്കുന്നത്.