കോതമംഗലത്തെ യുവാവിൻറെ മരണം കൊലപാതകമെന്ന് സൂചന. പെൺസുഹൃത്ത് വിഷം നൽകിയതായി സംശയിക്കുന്നു. മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) ആണ് മരിച്ചത്. സംഭവത്തിൽ പെൺ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിന് ഇവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻസിൽ മരിച്ചത്.
ഇരുവരും തമ്മിൽ ദീർഘനാളുകളായി നല്ല അടുപ്പത്തിലായിരുന്നു. എന്തോ കാരണത്തിന് ഇടയ്ക്ക് പിണങ്ങിയപ്പോൾ അൻസിലിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനുശേഷം ഇരുവരും തമ്മിൽ വീണ്ടും അടുപ്പത്തിലായി. പിന്നീട് യുവാവിനെ ഒഴിവാക്കണമെന്ന് യുവതി തീരുമാനിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വിഷം നൽകിയെന്നാണ് സൂചന.
യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിഷത്തിന്റെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതെവിടെ നിന്നാണ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ജൂലൈ 30ന് പുലർച്ചെയാണ് അൻസിലിന് വിഷം നൽകിയത് എന്നാണ് എഫ് ഐ ആർ. പ്രതിയുടെ ചേലാട് ഭാഗത്തുള്ള വീടിന് സമീപമാണ് വിഷം കൊടുത്ത് കൊല ചെയ്യാൻ ശ്രമമെന്നാണ് ആരോപണം. എഫ് ഐ ആറിൽ യുവതിയുടെ പേര് പറഞ്ഞിട്ടില്ല. 30ന് മൂന്ന് മണിക്കാണ് വിവരം കോതമംഗലം പോലീസ് സ്റ്റേഷനിൽ കിട്ടുന്നത്. അപ്പോൾ തന്നെ കേസും രജിസ്റ്റർ ചെയ്തു. അതേസമയം പെൺസുഹൃത്ത് വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അൻസിൽ മൊഴി നൽകിയിരുന്നുവെന്നാണ് സൂചന. യുവതി വിഷം വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.