പേയ്മെന്റ് അഗ്രഗേറ്ററുകള്‍ക്ക് ഇനി മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്ന് പ്രഖ്യാപിച്ച്ഐ സിഐസിഐ ബാങ്ക്. ഈ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് പേയ്‌മെന്റ് അഗ്രഗേറ്ററുകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇവ ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും മധ്യത്തിലുള്ള ഇടനിലക്കാരാണ്. ഒരു ഉപഭോക്താവ് യുപിഐ വഴി വ്യാപാരിക്ക് പണം നല്‍കുമ്പോള്‍, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്ന് പണം പേയ്മെന്റ് അഗ്രഗേറ്ററുടെ എസ്‌ക്രോ അക്കൗണ്ടിലേക്ക് എത്തുകയും അവിടെ നിന്ന് വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറുകയും ചെയ്യുന്നു.
ഈ കൈമാറ്റത്തിനാണ് ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ ഫീസ് ഈടാക്കുന്നത്. ഒരു എസ്‌ക്രോ അക്കൗണ്ട് എന്നാല്‍ ഒരു ഇടപാടില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് കക്ഷികള്‍ക്കുവേണ്ടി പണം സൂക്ഷിക്കുന്ന ഒരു മൂന്നാം കക്ഷിയുടെ കൈവശമുള്ള അക്കൗണ്ടാണ്. ഒരു ഇടപാട് പൂര്‍ത്തിയാകുന്നതുവരെ ഈ അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.
എസ്‌ക്രോ അക്കൗണ്ട് ഉള്ളവര്‍ക്ക്: ബാങ്കില്‍ എസ്‌ക്രോ അക്കൗണ്ട് ഉള്ള പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് ഓരോ ഇടപാടിനും 2 ബേസിസ് പോയിന്റുകളാണ് ഫീസ്. ഒരു ഇടപാടിന് പരമാവധി 6 രൂപ വരെ ഈടാക്കും.
എസ്‌ക്രോ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക്: ഐസിഐസിഐ ബാങ്കില്‍ എസ്‌ക്രോ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഓരോ ഇടപാടിനും 4 ബേസിസ് പോയിന്റുകള്‍ ഫീസ് നല്‍കേണ്ടി വരും. ഒരു ഇടപാടിന് പരമാവധി 10 രൂപ വരെയാണ് നിരക്ക്.
അതേസമയം, യുപിഐ ഇടപാടുകള്‍ വ്യാപാരികളുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുമ്പോള്‍ ഈ ഫീസ് ബാധകമല്ല.
നിലവില്‍ യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ മറ്റു ചില സ്വകാര്യ ബാങ്കുകളും ഫീസ് ഈടാക്കുന്നുണ്ട്.