ഇന്ത്യൻ താരവും ആർസിബി പേസറുമായ യാഷ് ദയാലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രംഗത്തുവന്നിരിക്കുകയാണ്. യാഷ് ദയാലുമായുള്ള തന്റെ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഇവർ സോഷ്യൽമീഡിയയിൽ പരസ്യമാക്കി. ദൈവമാണ് തന്നെ രക്ഷിച്ചതെന്നും യുവതി കുറിപ്പിലൂടെ പ്രതികരിച്ചു.
മുമ്പ് യാഷ് ദയാൽ തനിക്ക് വിവാഹ വാഗ്ദാനം നൽകി മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചെന്നു ആരോപിച്ച് യുപിയിൽ നിന്നുള്ള യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോർട്ടലിനെ സമീപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ യുവതി രംഗത്തുവന്നിരിക്കുന്നത്.
‘ഇത് ആരോടെങ്കിലും പങ്കുവെക്കാൻ പോലും എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ദൈവമേ, എന്താണ് അയാൾ നമ്മളോട് ചെയ്തത്. ഇത് വെറും വഞ്ചനയല്ല, വിശ്വാസവഞ്ചനയാണ്. ഇനിയും എത്ര ജീവിതങ്ങളാണ് നിങ്ങൾ ഇങ്ങനെ നശിപ്പിക്കാൻ പോകുന്നത്? യുവതി എക്സിൽ കുറിച്ചു.
യുപിയിൽ നിന്നുള്ള യുവതി നൽകിയ പരാതിയിൽ യാഷിനു പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക.
ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഇയാളുമായി 5 വർഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. യാഷ് പണം തട്ടിയെന്നും താരം സമാനമായ വിധത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ചാറ്റ് സ്ക്രീൻ ഷോട്ടുകൾ, വിഡിയ കോൾ രേഖകൾ അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും യുവതി അവകാശപ്പെട്ടിരുന്നു.