മൃഗങ്ങൾ വളർത്തിയ മനുഷ്യക്കുഞ്ഞുങ്ങൾ ഇന്നൊരു കഥയല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ വളരെ ചെറുപ്പത്തിലെ ഇങ്ങനെ വളർത്തപ്പെടുന്നതിനാൽ പലപ്പോഴും ഇത്തരം ശിശുക്കൾ മനുഷ്യരുമായി ഇണങ്ങാറില്ല. മറ്റ് ചിലരാകട്ടെ മനുഷ്യനുമായി അടുപ്പത്തിലാകുമ്പോൾ പഴയ അനുഭവങ്ങളൊക്കെ മറന്നുപോകുന്നു, ഇപ്പോഴിതാ അതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു അനുഭവമാണ് ശ്രദ്ധ നേടുന്നത്. കൊളംബിയയിൽ തന്റെ നാലാം വയസ്സിൽ കുരങ്ങുകൾക്കൊപ്പം ജീവിക്കേണ്ടി വന്ന മറീന എന്ന പെൺകുട്ടി വർഷങ്ങൾക്ക് ശേഷം ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. കുരങ്ങുകൾക്ക് നമ്മളെ പ്പോലെ തന്നെ ഫലപ്രദമായ ഭാഷയുണ്ടെന്നും അവർ ബുദ്ധിപരമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും അവർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഞാൻ ഒറ്റപ്പെട്ടു പോയപ്പോൾ ഈ കുരങ്ങുക്കൂട്ടത്തിൽ ചേരുകയല്ലാതെ മറ്റൊരു മാർഗ്ഗവും കണ്ടില്ല, അവരെന്നെ ഭക്ഷണം കണ്ടെത്താൻ പരിശീലിപ്പിച്ചു. കാട്ടിലെ ശബ്ദങ്ങൾ തിരിച്ചറിയാനും ജാഗ്രതയോടെ ഇരിക്കാനും പഠിപ്പിച്ചു. അവരുടെ ഓരോ ശബ്ദങ്ങളും എന്തിനുള്ളതാണെന്ന് ഇപ്പോൾ എനിക്കറിയാം. ഇന്ന് മനുഷ്യരോട് ഞാൻ ആശയവിനിമയം നടത്തുന്നതെങ്ങിനെയോ അതിനേക്കാൾ മെച്ചത്തിൽ അവരുമായി സംസാരിക്കാനാകുമായിരുന്നു മറീന പറഞ്ഞു.
കുരങ്ങു കൂട്ടത്തിനൊപ്പം ആറുവർഷങ്ങളാണ് മറീനയ്ക്ക് കാട്ടിൽ ചെലവഴിക്കേണ്ടി വന്നത്. അതൊരു വളരെ വ്യത്യസ്തമായ ജീവിതമായിരുന്നുവെന്നാണ് അവർ പറയുന്നത്.
ആറ് വർഷം കഴിഞ്ഞ ശേഷം, പത്ത് വയസ്സുള്ളപ്പോൾ, ഒരു കൂട്ടം വേട്ടക്കാർ മറീനയെ കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ രക്ഷപ്പെടുത്തൽ അവർക്കൊട്ടും ആശ്വാസമല്ലായിരുന്നു. വേട്ടക്കാർ മറീനയെ ഒരു വേശ്യാലയത്തിലേക്ക് വിറ്റു. എന്നാൽ തന്റെ ദുരിതം നിറഞ്ഞ ആ ജീവിതത്തിൽ നിന്നും പുറത്തുകടന്ന അവർ ഇന്നൊരു സാമൂഹിക പ്രവർത്തക കൂടിയാണ്.