എടിമ്മുകളിലൂടെ ഇനിമുതൽ 500 രൂപാ നോട്ടുകൾ ലഭിക്കുന്നത് നിർത്തലാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഉത്തരവിട്ടതായി പ്രചരിക്കുന്ന വാർത്തയില്‍ പ്രതികരണവുമായി റിസർവ് ബാങ്ക്. സെപ്‌റ്റംബർ 30 മുതൽ രാജ്യത്തെ 75 ശതമാനം എടിഎമ്മുകളിലും 500 രൂപാ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്നും 2026 മാർച്ച് 31 ഓടെ വിതരണം 90 ശതമാനവും നിർത്തലാക്കുമെന്നുമാണ് പ്രചരിച്ച വിവരം. 100, 200 രൂപാ നോട്ടുകൾ മാത്രമേ ഭാവിയിൽ എടിഎമ്മുകൾ വഴി പിൻവലിക്കാനാകൂ എന്നും പറയപ്പെട്ടിരുന്നു.
എന്നാല്‍ എടിഎം വഴിയുള്ള 500 രൂപാ നോട്ട് വിതരണത്തെ സംബന്ധിച്ച് യാതൊരു വിധ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 500 രൂപാ നോട്ടുകൾ ഇപ്പോഴും നിയമാനുസൃതമാണെന്ന് സർക്കാർ മാധ്യമ വിഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ എക്‌സിൽ കുറിച്ചു.
“തെറ്റായ ഇത്തരം വിവരങ്ങളിൽ വീണുപോകരുത്. സമൂഹ മാധ്യമത്തിലെ വാർത്തകൾ പങ്കിടുന്നതിന് മുൻപ് വസ്‌തുതാ വിരുദ്ധതയുണ്ടോ എന്ന് അറിയാനും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും ശ്രമിക്കുക.” പിഐബി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.
2025 ജൂലൈ മുതലാണ് വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. വാട്‌സ്‌ആപ്പിലൂടെയായിരുന്നു അധികമായും പ്രചരിച്ചിരുന്നത്. ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന്സർക്കാർ വൃത്തങ്ങൾ അറിയിച്ചു
രാജ്യത്ത് നിലവിൽ മൊത്തം വിനിമയത്തിലുള്ള 40 ശതമാനത്തിലധികം നോട്ടുകളും അഞ്ഞൂറിൻ്റേതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-25ലെ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യുന്ന കറന്‍സിയാണ് 500 രൂപ.