പലതരത്തിലും സാങ്കേതികതയിലുമുള്ള യുദ്ധവിമാനങ്ങൾ ലോകരാജ്യങ്ങൾക്കുണ്ട്. എന്നാൽ ഇവയുടെ പൊതുവിലുള്ള ഒരു സാമ്യത എന്താണെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. ഇതിലേറ്റവും കുറഞ്ഞത് മുതൽ വിലയേറിയതും സാങ്കേതിക മികവ് പുലർത്തുന്നവ വരെയുള്ള യുദ്ധവിമാനങ്ങൾക്ക് ചാര നിറമാണ്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ.എന്തായിരിക്കാം അതിന് പിന്നിലുള്ള കഥ. ശത്രുക്കളുടെ കണ്ണുവെട്ടിക്കാൻ തന്നെയാണിത്.
മേഘങ്ങളുടെ നിറത്തോട് സാമ്യമുള്ള ചാര നിറമാണ് യുദ്ധവിമാനങ്ങൾക്ക് നൽകുന്നത്. അതിനാൽ ഇവ പെട്ടെന്ന് ദൃഷ്ടി ഗോചരമാകുന്നില്ല. ഇനി എങ്ങനെ ഈ നിറം യുദ്ധവിമാങ്ങളിൽ ഇടം പിടിച്ചുവെന്ന് നോക്കാം.
ഒന്നാം ലോകമഹായുദ്ധക്കാലത്താണ് ചാര നിറത്തിന്റെ സാദ്ധ്യത യുദ്ധവിമാനങ്ങളിൽ പ്രയോഗിച്ചുതുടങ്ങിയത്. യുദ്ധവിമാനത്തിന്റെ ചാരനിറം ഗ്രൗണ്ടിൽ നിന്നും മറ്റ് വിമാനത്തിൽ നിന്നും ഇവയെ നിരീക്ഷിക്കുന്നത് എളുപ്പമല്ലാതാക്കുന്നു.ചില ചാരനിറത്തിലുള്ള പെയിന്റുകൾ വിമാനത്തിന്റെ റഡാർ സിഗ്നേച്ചർ കുറയ്ക്കാൻ സഹായിക്കും. ഇത് ശത്രുറഡാറുകൾ വിമാനത്തെ കണ്ടുപിടിക്കാതിരിക്കാൻ സഹായിക്കുന്നു.
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ചില ചാരനിറത്തിലുള്ള പെയിന്റുകൾ റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളവയാണ്. ഇത് വിമാനത്തിന്റെ റഡാർ ക്രോസ്-സെക്ഷൻ കുറയ്ക്കുകയും റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
പലവിധ അന്തരീക്ഷങ്ങളുമായും ചാരനിറം എളുപ്പത്തിൽ യോജിക്കുന്നു. കടലിന് മുകളിലായി പ്രവർത്തിക്കുന്ന വിമാനങ്ങൾക്ക് നീല കലർന്ന ചാരനിറവും ആകാശത്ത് ഉയരത്തിൽ പറക്കുന്നവയ്ക്ക് ഇളം ചാര നിറവുമായിരിക്കും പലപ്പോഴും നൽകുന്നത്.