ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് എസ്‌യുടി ആശുപത്രി പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് ജീവൻ നിലനിർത്തുന്നത്. വി എസിനെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് പുറമേ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും 7 സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങുന്ന വിദഗ്‌ധ സംഘവും ആശുപത്രിയിലെത്തി.
ഇവര്‍ വി എസിനെ പരിശോധിക്കുകയും അദ്ദേഹത്തിന് നല്‍കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്‌തു. വെൻ്റിലേറ്ററില്‍ നിലനിര്‍ത്താനും ഇപ്പോള്‍ നല്‍കി വരുന്ന സിആര്‍ആര്‍ടി, ആൻ്റിബയോട്ടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനും തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം വരുത്താനാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ വി അറിയിച്ചു.
രോഗ വിവരം ആരാഞ്ഞ് നിരവധി നേതാക്കളാണ് ആശുപത്രിയിലെത്തുന്നത്. സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി ഇന്ന് ആശുപത്രിയിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങി നിരവധി പേരാണ് ആശുപത്രിയിലെത്തി ആരോഗ്യവിവരം അന്വേഷിക്കുന്നുണ്ട്.
ചികിത്സ നിലവിലുള്ളത് പോലെ തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ എം എ ബേബി പറഞ്ഞു. ചില പ്രയാസങ്ങളുണ്ട്. ഡയാലിസിസ് തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബേബി പറഞ്ഞു. അതേസമയം അദ്ദേഹത്തിൻ്റെ രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലെത്തിയിട്ടില്ല.