ദില്ലി: ഇന്ത്യയിലെ മൂന്നാമത്തെ ടെലികോം കമ്പനി വോഡാഫോണ്‍-ഐഡിയ (വി)യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. എജിആര്‍ കുടിശ്ശികയില്‍ ഏകദേശം 30,000 കോടി രൂപ എഴുതിത്തള്ളണമെന്ന വോഡാഫോണ്‍ ഐഡിയയുടെ ഹര്‍ജിക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 5 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ പലിശയും പിഴയും എഴുതിത്തള്ളണമെന്ന വി-യുടെ ആവശ്യം നേരത്തെ സര്‍ക്കാരും നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും ഹര്‍ജി തള്ളിയതോടെ വി അടച്ചുപൂട്ടുമോ അതോ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു.
വോഡാഫോണ്‍-ഐഡിയയ്ക്ക് 83,400 കോടി രൂപയുടെ എജിആര്‍ ബാധ്യതയുണ്ട്. ഇതില്‍ 12,797 കോടി രൂപയുടെ മുതലും 28,294 കോടി രൂപയുടെ പലിശയും കമ്പനി നല്‍കാനുണ്ട്. ഇതിനുപുറമെ, 6,012 കോടി രൂപയുടെ പിഴയും 11,151 കോടി രൂപയുടെ പിഴയുടെ പലിശയും ഈ തുകയില്‍ ഉള്‍പ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കുടിശികകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്നും ഇല്ലെങ്കില്‍ കമ്പനി പാപ്പരാകാന്‍ സാധ്യതയുണ്ടെന്നും വി സിഇഒ അക്ഷയ് മുന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
2025-26 സാമ്പത്തിക വര്‍ഷത്തിനുശേഷം കമ്പനിക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയില്ല. വിയില്‍ സര്‍ക്കാരിന് 49% ഓഹരി ഉള്ളതിനാല്‍, എല്ലാ പലിശയില്‍ നിന്നും കുടിശ്ശികകളില്‍ നിന്നും അതിനെ ഒഴിവാക്കണമെന്ന് കമ്പനി പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍ കമ്പനി അടച്ചുപൂട്ടുകയാണെങ്കില്‍, അതിന്റെ 20 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരും.
എജിആറിന്റെ നിര്‍വചനവും കണക്കുകൂട്ടലും സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കം 2019-ലെ വിധിയിലൂടെ സുപ്രീംകോടതി പരിഹരിച്ചിരുന്നു. 2020 ലെ ഒരു വിധിയില്‍, സര്‍ക്കാരിന് നല്‍കേണ്ട മൊത്തം 93,520 കോടി രൂപ എജിആറുമായി ബന്ധപ്പെട്ട കുടിശ്ശിക അടയ്ക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കോടതി 10 വര്‍ഷത്തെ സമയം നല്‍കിയിരുന്നു.