പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന്അ റസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേയ്ക്ക് ക്ഷണിച്ചു വരുത്തിയത് സംസ്ഥാന സർക്കാർ തന്നെ. ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മൽഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനവും നൽകി. താമസം, ഭക്ഷണം യാത്ര എന്നിവ ഒരുക്കിയതും ടൂറിസം വകുപ്പ് തന്നെ. ഇതുസംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവന്നു.
ടൂറിസം വകുപ്പിന്റെ സോഷ്യൽ മീഡിയ പ്രമോഷന്റെ ഭാഗമായിട്ടാണ് ജ്യോതി മൽഹോത്ര അടക്കമുള്ളവരെ എത്തിച്ചിരുന്നതെന്ന് പുറത്തുവന്ന വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. യാത്രാ ചെലവ്, താമസം, പണം ഉൾപ്പെടെ ടൂറിസം വകുപ്പ് നൽകിയിരുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മൽഹോത്ര സന്ദർശനം നടത്തിയിരുന്നു.
കൊച്ചിൻ ഷിപ് യാർഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ , ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, മൂന്നാർ, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ, അതിരപ്പിള്ളി, തേക്കടി, കോവളം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, വർക്കല, ഇരവികുളം ദേശീയ ഉദ്യോനം തുടങ്ങിയ ഇടങ്ങളിൽ ജ്യോതി മൽഹോത്ര സന്ദർശനം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
ചാരവൃത്തി നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് ജ്യോതി മൽഹോത്ര നിലവിൽ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചു വരുന്ന സമയത്താണ് ജ്യോതി മൽഹോത്ര കേരളം സന്ദർശിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മൽഹോത്രയുടെ സന്ദർശനം. മെയ് മാസത്തിലാണ് ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നത്.
2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്. 33-കാരിയായ ജ്യോതി മല്‍ഹോത്ര പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞിരുന്നു. പാക് ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധംപുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു.