രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരു ക്രിസ്തീയ പുരോഹിതൻ പറഞ്ഞതിന് പിന്നിൽ പരിവർത്തന ശ്രമങ്ങൾ സുഗമമാക്കാനുമുള്ള ശ്രമങ്ങളുടെയും സമ്മർദതന്ത്രത്തിൻ്റെയും ഭാഗമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് .ബ്രിട്ടീഷ് ഭരണം ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് തന്നെ ഇതുപോലുള്ള നിയമങ്ങൾ ഉണ്ടായിരുന്നു എന്നും രാജ്യത്ത് ഈ നിയമം നിലവിലുള്ള സംസ്ഥാനങ്ങളിലെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഈ നിയമം കൊണ്ടു വന്നത് കോൺഗ്രസ് ഭരണകാലത്താണെന്നും വിശ്വ ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു.
ഭരണഘടന നൽകുന്ന മത സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്തു കൊണ്ട് ഭാരതത്തിലെ തന്ത്ര പ്രധാനമായ സ്ഥലങ്ങളിലും ഗോത്ര മേഖലകളിലും വൻതോതിൽ മതപരിവർത്തനം നടന്നു വരുന്നു. രാജ്യത്തെ മതപരിവർത്തന ശ്രമങ്ങളുടെ പ്രഭവ കേന്ദ്രം കേരളമാണ് എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോൾ നടക്കുന്ന സമരങ്ങളും ചർച്ചകളുമെന്നും കേരളത്തിലെ ഏകദേശം 70 താലൂക്കുകളിൽ ശക്തമായ മതപരിവർത്തന ശ്രമങ്ങളാണ് നടക്കുന്നതെന്നും വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു .
സനാതന ബിംബങ്ങളെ നിരന്തരം മോശമാക്കി ചിത്രീകരിച്ചും പ്രലോഭിപ്പിച്ചും പണം ഒഴുക്കിയുമാണ് ഇത്തരം ശ്രമങ്ങളെ വിജയിപ്പിക്കുന്നത്. ഇതേ സാഹചര്യം തന്നെയാണ് ഏകീകൃത സിവിൽ കോഡിൻ്റെ കാര്യത്തിലുമുള്ളത്. രാജ്യത്തെ പൗരൻമാരെ തുല്യരായി കാണുന്ന ഭരണഘടനയുടെ ലക്ഷ്യം പൂർത്തിയാകണമെങ്കിൽ മതവ്യത്യാസമില്ലാതെ യൂണിഫോം സിവിൽ കോഡും ഉടനടി രാജ്യത്ത് നടപ്പാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അഭിപ്രായപ്പെട്ടു.
അതിനാൽ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമായ പഴുതടച്ചുള്ള ഒരു മതപരിവർത്തന നിരോധന നിയമവും ഏകീകൃത സിവിൽ കോഡും കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.