മോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മോഹൻലാലിന്റെ മകൾ വിസ്മയ. സംവിധായകൻ ജൂഡ് ആന്തണിയുടെ സിനിമയായ തുടക്കത്തിലൂടെയാണ് വിസ്മയയുടെ ചലച്ചിത്രപ്രവേശം. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്.
തിരുവനന്തപുരത്തുനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിസ്മയ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. സിനിമയോടും എഴുത്തിനോടുമുള്ള താല്പര്യം ചെറുപ്പം മുതലേ വിസ്മയയ്ക്ക് ഉണ്ടായിരുന്നു. സംവിധാനത്തിൽ താൽപ്പര്യമുള്ള വിസ്മയ ‘ഗ്രഹണം’ എന്നൊരു ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായിരുന്നു.
വിസ്മയ മോഹൻലാൽ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നുഎഴുത്തിനും സംവിധാനത്തിനും പുറമെ, ചിത്രകലയിലും വിസ്മയയ്ക്ക് പ്രാവീണ്യമുണ്ട്.