വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിന്‍റെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കിരൺ കുമാറിന് ജാമ്യം ലഭിച്ചത്. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.
100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.
കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുള്ള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നുമാണ് വീണ്ടും കിരൺ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു വിസ്മയയുടെ ആത്മഹത്യ.