സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിനോദ സഞ്ചാര പരസ്യവുമായി രംഗത്തെത്തിയത് വൈറലായിരുന്നു. ഇപ്പോഴിതാ മിൽമയും ബ്രിട്ടീഷ് യുദ്ധവിമാനത്തെ വെച്ച് ചെയ്ത പരസ്യവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘അല്ലെങ്കിലും ഒരു കൂള്‍ ബ്രേക്ക് ആരാ ആഗ്രഹിക്കാത്തത്, എൻ’ജോയ്’ എന്നാണ് മിൽമയുടെ പരസ്യം. മിൽമയുടെ വിവിധ ഫ്ലേവറുകളിൽ ലഭിക്കുന്ന കൂൾ ഡ്രിംഗ്സ് ആണ് ‘ജോയ്’. പൈലറ്റ് ‘ജോയ്’ കുടിക്കുന്ന ചിത്രത്തോടെയാണ് മിൽമയുടെ പരസ്യം. ‘ഇപ്പ ശരിയാക്കിത്തരാം, ആ ചെറിയ ‘ജോയ്’ ഇങ്ങെടുത്തേ എന്നാണ് വൈറൽ പരസ്യവാചകം.
കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നൽകുന്ന രീതിയിലായിരുന്നു സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ പരസ്യം. മുതലെടുക്കണയാണാ സജീ എന്ന ചോദ്യമാണ് ട്രോളന്മാർ ചോദിക്കുന്നത്.
എഫ്35 ബിയ്ക്ക് ആയിരം കോടിരൂപയ്ക്ക് അടുത്ത് വിലയുണ്ട്. യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വിദഗ്ധരുടെ ആദ്യസംഘം ഇന്ന് ബ്രിട്ടനില്‍നിന്ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിപ്പ്. അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നടക്കാന്‍ പോകുന്നത്. ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. തകരാർ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്.