ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് റദ്ദാക്കിയതെന്ന് അന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ താരങ്ങള്‍ കനത്ത സുരക്ഷയിലാണ് മടങ്ങിയത്. ഇപ്പോഴിതാ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം വിപ്രജ് നിഗം.
കളിക്കാരെ അന്ന് ധരംശാലയില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചതിന് ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും വിപ്രജ് നന്ദി അറിയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.
ഞങ്ങളുടെ ടീമില്‍ ചില ഇന്ത്യന്‍ ആര്‍മി അംഗങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളെ വീട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ പലരും വന്നു. തുടക്കത്തില്‍ സ്ഥിതി വളരെ സാധാരണമായിരുന്നു. എന്നാല്‍ പിന്നീട് അവസ്ഥ അതായിരുന്നില്ല. അതിനുശേഷം അവര്‍ വളരെ എളുപ്പത്തില്‍ ഞങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തു’, വിപ്രജ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്ത്യന്‍ സൈന്യവും ഇന്ത്യന്‍ സര്‍ക്കാരും ഞങ്ങള്‍ക്ക് വേണ്ടി എല്ലാം ചെയ്തു. ഇതിനെ ഒരു അനുഭവം എന്ന് വിളിക്കാതിരിക്കുന്നതാണ് നല്ലത്. ഞങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോടും ഇന്ത്യന്‍ സൈന്യത്തോടും ഞാന്‍ നന്ദി പറയുന്നു’, വിപ്രജ് കൂട്ടിച്ചേര്‍ത്തു.