ഷാർജയിൽ യുവതിയും പിഞ്ചുകുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ അമ്മ പരാതി നൽകി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിരിക്കുന്നത്. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
”എന്റെ മകളെ നിതീഷ് ഒരു വട്ടം ഭീഷണിപ്പെടുത്തിയിരുന്നു. നാലഞ്ച് ലക്ഷം രൂപ ശമ്പളവും വാങ്ങിച്ച് എന്റെ മകളുടെ ശമ്പളവും കൊണ്ട് ജീവിച്ചിട്ടും നിതീഷിന് തികഞ്ഞിരുന്നില്ല. കമ്പനിയുടെ ഷെയറ് മറിച്ചുവിറ്റു. ഇത്രയും ആയിട്ടും തികഞ്ഞില്ലെങ്കിൽ ഇനി കമ്പനിയെ ചതിച്ചാൽ അത് അറിയിക്കുമെന്ന് മകള് പറഞ്ഞു. നീ കമ്പനിക്ക് പരാതി കൊടുത്താൽ ജോലി പോകും. നിന്നെ വച്ചേക്കില്ലെന്ന് നിതീഷ് അന്ന് പറഞ്ഞു.
അമ്മയെ കാണാൻ പോകണമെന്ന് പറഞ്ഞപ്പോൾ ഐഡി എടുത്ത് മാറ്റി. വിവാഹം ചെയ്ത് കൊണ്ട് പോയി അന്ന് തുടങ്ങിയതാണ് ഈ പീഡനം. ഒരു മിനിറ്റ് എന്റെ മകളുടെ കൂടെ ഇരിക്കാൻ പെങ്ങൾ സമ്മതിച്ചില്ല. വീട്ടിൽ പോലും വരാതായി”.ഏറ്റവും കടുത്ത ശിക്ഷ തന്നെ കൊടുക്കണം. എന്റെ പൊടിക്കുഞ്ഞിനെയും മകളെയും വിട്ടുതരണം. അവൻ നോക്കാത്തത് കൊണ്ടല്ലേ എന്റെ പൊടിക്കുഞ്ഞും മകളും മരിക്കേണ്ടി വന്നത്. എന്റെ കുഞ്ഞ് വെറും പാവമായിരുന്നു. പ്രതികരിക്കാൻ അറിയില്ലായിരുന്നു.
പെറ്റ തള്ളയായ ഞാനും ഫേസ്ബുക്ക് വഴിയാണ് എന്റെ മകൾ അനുഭവിച്ച ദുഖങ്ങൾ കണ്ടത്. അമ്മ വേദനിക്കുമെന്ന് വിചാരിച്ച് ഒരു വാക്ക് പോലും എന്നെ വിളിച്ച് പറഞ്ഞില്ല. നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്. എന്റെ മകൾ പച്ച പാവം ആയിരുന്നു. എല്ലാം ഒളിച്ച് ഇത്രയും സഹിക്കുമെന്ന് അറിയില്ലായിരുന്നു. . ആ പൊടിക്കുഞ്ഞ് കരഞ്ഞ് കൈയിൽ കൊണ്ട് കൊടുത്താൽ അവിടെയെങ്ങാനും കൊണ്ട് ഇടാനാണ് പറഞ്ഞിരുന്നത്. അങ്ങനെയാണോ ഒരു അച്ഛൻ പറയേണ്ടത്”, അമ്മ ഷൈലജ പറഞ്ഞു.