ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് നിധീഷിനെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ഷാർജയിലുള്ള നിധീഷിനെ നാട്ടിലെത്തിക്കും. ഇതിനായി ഇന്റർപോളുമായി സഹകരിച്ച് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസിന്റെ തീരുമാനം. നിധീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ എട്ടിനായിരുന്നു ഷാർജയിലെ ഫ്ളാറ്റിൽ വിപഞ്ചികയേയും രണ്ടര വയസുകാരി മകൾ വൈഭവിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. തുടർന്ന് മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തി.
റിപോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവ് നിധീഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വിപഞ്ചികയുടെ ഫേസ്ബുക്കിലെ വിവരങ്ങൾ എടുക്കണമെന്ന ആവശ്യവുമായി സഹോദരൻ വിനോദും രംഗത്തെത്തി. മരണശേഷം വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഡിലീറ്റായെന്നാണ് സഹോദരന്റെ ആരോപണം.
ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ഭർത്താവും കുടുംബം ശ്രമിക്കുകയാണ്. തന്റെ സഹോദരിയുടെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്. കേസുമായി ഏതറ്റം വരെയും പോകുമെന്നും സഹോദരൻ വ്യക്തമാക്കി. ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു. ഭർത്താവിന്റെ പിതാവിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. മോശം പെരുമാറ്റത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞെങ്കിലും
പിന്തുണയ്ക്കുന്ന സമീപനമാണ് നിധീഷ് സ്വീകരിച്ചതെന്നും വിപഞ്ചിക പറഞ്ഞിരുന്നു. നിധീഷിനും പിതാവിനും പുറമേ ഭര്‍തൃസഹോദരിക്കെതിരെയും വിപഞ്ചിക ആരോപണമുന്നയിച്ചിരുന്നു. താന്‍ മരിച്ചാല്‍ ഈ മൂന്ന് പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും വിപഞ്ചിക ആവശ്യപ്പെട്ടിരുന്നു.