യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ അന്വേഷണത്തിന് ഷാര്‍ജാ പോലീസ്. ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും നാത്തൂനുമെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് വിശീദീകരിക്കുന്നത്. കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും മരിക്കാൻ താത്പര്യമില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും ഇവരുടെ കുടുംബം പുറത്ത് വിട്ടിട്ടിട്ടുണ്ട്.
. ‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്ളാറ്റ് വേണം സുഖിക്കണം. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാന്‍ വാങ്ങിച്ചു. സ്വര്‍ണം ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാന്‍ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാന്‍ പാടില്ല. ഇത് എന്റെ ഭാര്യാണ്, എന്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച നടക്കണം.
ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നാണ് വിപഞ്ചിക ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് മോഹന്‍ എന്നിവരും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛനായ മോഹനന്‍ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് കത്തിലുള്ളത്.
അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. എന്റെ ഭര്‍ത്താവ് അതിനു പകരം, എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായി കുറിപ്പില്‍ വിപഞ്ചിക പറയുന്നു. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്.