നിതീഷിന്റെ അച്ഛൻ തന്നോടും മോശമായി പെരുമാറിയെന്ന് വിപഞ്ചികയുടെ അമ്മ, പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഓഭർത്താവ് നിതീഷിൻറെയും പെങ്ങളുടേയും അവരുടെ അച്ഛൻറെയും ക്രൂരതകൾ സഹിക്കാൻ പറ്റാതായതോടെയാണ് മകൾ വിപഞ്ചിക കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് അമ്മ ശൈലജ പറയുന്നു.
‘വിപഞ്ചികയുടെ അച്ഛൻ വർഷങ്ങൾക്കു മുൻപേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. ആ അവസ്ഥ അവൾക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്. അവളെ സ്നേഹിച്ചതുപോലെ നിതീഷിനേയും സ്നേഹിച്ചു, എന്നിട്ടും അവരെല്ലാം കൂടി എൻറെ കുഞ്ഞിനെ കൊന്നു. നിതീഷ് മുടി മുറിച്ചപ്പോഴാണ് അവളോട് മൊട്ടയടിക്കാൻ അയാളുടെ പെങ്ങൾ ആവശ്യപ്പെട്ടത്. മൊട്ടയടിച്ച് കണ്ണുനിറഞ്ഞ ഫോട്ടോ ചില ബന്ധുക്കൾക്കൊക്കെ അവൾ അയച്ചു കൊടുത്തിരുന്നു. അവൻറെ അവിഹിത ബന്ധം പോലും അവൾ കണ്ടില്ലെന്നുനടിച്ചത് തൻറെ കുഞ്ഞിന് അച്ഛൻ വേണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്.
അമ്മ വിഷമിക്കരുത് എന്നാണ് എല്ലാവരോടും പറയാറുള്ളത്. വിപഞ്ചികയുടെ ആങ്ങളയും ഭാര്യയും അവിടെയുണ്ട്, അവരോടും ഒന്നും ഇതുവരെ വിട്ടുപറഞ്ഞിട്ടില്ല, നിതീഷിൻറെ കുടുംബത്തിന് സ്വർണത്തോടും പണത്തോടും മാത്രമാണ് ആർത്തി എന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ വിട്ടുപറയില്ലെന്നും അമ്മ പറയുന്നു.
നിതീഷിന്റെ അച്ഛൻ വിപഞ്ചികയോട് മാത്രമല്ല തന്നോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് ശൈലജ ആരോപിച്ചു. മോശമായി സംസാരിച്ച ഓഡിയോ താൻ സേവ് ചെയ്തുവച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. ‘ഭർത്താവ് ഉപേക്ഷിച്ചുപോയി ഇത്രകാലമായിട്ടും ആരും എന്നോടിത്ര മോശമായി സംസാരിച്ചിട്ടില്ല, അയാളൊരു വൃത്തികെട്ടവനാണ്, നിതീഷ് കൂട്ടുകാർക്കൊപ്പം നാലഞ്ചുദിവസം യാത്രയൊക്കെ പോകുന്ന സമയത്ത് വിപഞ്ചികയും കുഞ്ഞും അയാളുമാണ് വീട്ടിലുണ്ടാവുക, രാവിലെ മുതൽ മദ്യപാനം തുടങ്ങും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയിൽ കയറി വിളിക്കണം. മരുമകൾക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്. അയാളെ തൊട്ടുതലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്’ – ശൈലജ പറഞ്ഞു.