വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് തങ്ങൾക്ക് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയില്‍. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.വിപഞ്ചികയുടെ അമ്മയുടെ സഹോദരിയായ ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ട്. ഇരുവരുടെയും മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ഇടപെടണം. നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പ് നല്‍കിയിട്ടുണ്ട് . സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മയുടെ ആവശ്യങ്ങള്‍ ന്യായമാണ്. കോണ്‍സുലേറ്റ് ശക്തമായി ഇടപെട്ടതിന്റെ ഭാഗമായി ഇന്നലെ സംസ്‌കാരം തടഞ്ഞു. വിപഞ്ചികയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന്, കോണ്‍സുലേറ്റ് കൂടി അപ്രൂവ് ചെയ്തല്ലാതെ മൃതദേഹം വിട്ടുകൊടുക്കില്ല. അതിന് വേണ്ടി കാത്തിരിക്കണം. അദ്ദേഹം പറഞ്ഞു.
തനിക്ക് മക്കളുടെ സംസ്‌കാരം ഹൈന്ദവവിധി പ്രകാരം നാട്ടില്‍ നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു. രണ്ട് പേരുടെയും മൃതദേഹം തിരിച്ചുകിട്ടുമെന്ന് പ്രകീക്ഷിക്കുന്നുവെന്നും എല്ലാവരും സഹായിക്കുന്നുണ്ടെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.