ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനിയായ വിപഞ്ചിക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്കെന്ന് റിപ്പോർട്ട് . ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറും.
വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, ഭര്‍തൃ സഹോദരി ഭര്‍തൃ പിതാവ് എന്നിവര്‍ക്കെതിരെ കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. മൂന്നുപേരും ഷാര്‍ജയിലാണ് താമസം. സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ശൈലജയുടെ പരാതിയിലാണ് നടപടി. പ്രതികളെല്ലാം ഒളിവില്‍ പോയെന്നാണ് സൂചന.
ഇവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്. അതിനാൽ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് അടക്കം പോലീസിന്റെ പരിഗണനയിലുണ്ട്. മൃതദേഹം നാട്ടിലെത്തിയാല്‍ റീ പോസ്റ്റ്‌മോര്‍ട്ടവും നടത്തും. മൃതദേഹം നാട്ടിലെത്തുമെന്ന് തന്നെയാണ് പോലീസും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം.
വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ ഷാര്‍ജയിലെത്തിയിരുന്നു. പിന്നാലെയാണ് അമ്മയും വന്നത്. മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തവരേയും പോലീസ് കണ്ടെത്തും. വിപഞ്ചികയുടെ ഫോണ്‍ നിലവില്‍ കണ്ടെത്താനായിട്ടില്ല.
ഈ ഫോണ്‍ കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, യുഎഇ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഡിജിപി തുടങ്ങിയവര്‍ക്കു ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.