ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് വിപഞ്ചികയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നത്. ഇതിന് വിപഞ്ചികയുടെ ഭര്‍ത്താവ് തടസ്സം നിന്നു. ഒടുവില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വന്നാലും ഭര്‍ത്താവ് നിതീഷ് വരാനുള്ള സാധ്യത കുറവാണ്. നിതീഷും അച്ഛനും സഹോദരിയുമാണ് കുണ്ടറയിലെ കേസില്‍ പ്രതികള്‍. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം.
നിതീഷുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരം മാറ്റിവെയ്ക്കാന്‍ തീരുമാനമെടുത്തത്. മുന്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിലാണ് കോണ്‍സുലേറ്റ് ഇടപെട്ടതെന്ന് വിപഞ്ചികയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് വൈഭവിയുടെ സംസ്‌ക്കാരം ഷാര്‍ജയില്‍ നടത്താനുള്ള നിതീഷിന്റെ നീക്കം തടയാനായത്. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ഷാര്‍ജയില്‍ നടത്തുകയാണെന്നും വിപഞ്ചികയുടെ കുടുംബാംഗങ്ങള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാമെന്നും കാണിച്ച് നിതീഷ് വിപഞ്ചികയുടെ ബന്ധുവിന് സന്ദേശമയച്ചിരുന്നു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പോലീസിനെ ബോധ്യപ്പെടുത്തുമ്പോഴേക്കും കുഞ്ഞിന്റെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടിരുന്നു. പിന്നാലെ പോയ പോലീസ് വാഹനം ആംബുലന്‍സ് തടഞ്ഞ് മൃതദേഹം മോര്‍ച്ചറിയിലേക്ക് തിരികെ അയക്കുകയായിരുന്നു. നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തണമെന്ന വിപഞ്ചികയുടെ കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വി. മുരളീധരന്‍ പ്രതികരിച്ചിരുന്നു. വീണ്ടും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയിലാണ് വൈഭവിയുടെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കാനും വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തില്‍ ഇടപെട്ടു.