ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗ വാർത്ത ബിജെപി നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ് . ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. 2016 മുതല്‍ 2021 വരെ രണ്ടുവട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി സംസ്ഥാനത്തെ ബിജെപിയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. വിജയ് രൂപാണി രണ്ടുവട്ടം നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി, രാജ്യസഭാംഗം എന്നിങ്ങനെ അനേകം ചുമതലകള്‍ വഹിച്ചിരുന്നയാളാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വലംകയ്യായിരുന്ന അദ്ദേഹം 2016ആഗസ്റ്റിൽ മുഖ്യമന്ത്രി പദത്തിലേക്കെത്തി.
1956 ൽ മ്യാൻമറിലെ യംഗോനിലെ ജയിൻ ബനിയ കുടുംബത്തിലാണ് വിജയ് രൂപാണിയുടെ ജനനം. എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് ആർഎസ്എസിലും 1971 ൽ ജനസംഘത്തിലും പിന്നീട് ബിജെപിയിലും അംഗമായി.1987 ൽ രാജ്കോട്ട് മുനിസിപ്പൽ കോർപറേഷൻ അംഗമായാണ് പാർലമെന്ററി രാഷ്ട്രീയത്തിലെത്തുന്നത്. 1996-97 ൽ രാജ്കോട്ട് മേയറായി. 1998 ൽ ബിജെപി സംസ്ഥാന സെക്രട്ടറിയായി. 2006 മുതൽ 2012 വരെ രാജ്യസഭാ അംഗം കൂടിയായിരുന്നു വിജയ് രൂപാണി.
2027ലെ പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ലുധിയാന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി സജീവമായി ഇടപെട്ടുവരികയായിരുന്നു വിജയ് രൂപാണി. ആ സമയത്താണ് രംഗബോധമില്ലാത്ത മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.