ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ഇന്ന് കൂടിവരികയാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിശദീകരിക്കുകയാണ് എംവിഡി.
വണ്ടുകൾ പോലുള്ള ചെറിയ ജീവികൾ പോലും അപകടങ്ങൾ വരുത്തിവക്കാം. ഇവ പെട്രോൾ ഹോസിൽ സുഷിരങ്ങൾ ഉണ്ടാക്കിയാൽ ഇത് പെട്രോൾ ലീക്ക് ആകുന്നതിന് വഴിയൊരുക്കും. എംപിഎഫ്‌ഐ പെട്രോൾ എഞ്ചിനുകളിൽ സ്‌പീഡ് പമ്പ് സ്ഥിതി ചെയ്യുന്നത് പെട്രോൾ ടാങ്കിലാണ്. വാഹനം സ്‌റ്റാർട്ട് ചെയ്യണം എന്നില്ല. ഇഗ്‌നിഷൻ സ്വിച്ച് ഓണ്‍ ചെയ്യുമ്പോൾത്തന്നെ പ്രൈമിങ് നടക്കുനതു മൂലം 30 പിഎസ്‌ഐ മുതൽ 50 പിഎസ്‌ഐവരെ പെട്രോൾ പുറത്തേക്ക് സ്‌പ്രേ ചെയ്യപ്പെടാം. ഈ സമയത്ത് ചെറിയൊരു സ്‌പാർക്ക് മതിയാകും വാഹനം പൂർണമായും കത്തിയമരുവാൻ.
ഗ്യാസ് കണ്‍വെർട്ട് ചെയ്ത വാഹനങ്ങളിലെ കൃത്യമായ മെയിൻ്റനൻസ് ഇല്ലായ്‌മയും ഒരു പ്രശ്‌നം തന്നെയാണ്. ഇത്തരം വാഹനങ്ങൾ വർഷത്തിൽ ഒരിക്കൽ സർവീസ് ചെയ്യുകയും മൂന്ന് വർഷം കൂടുമ്പോൾ പ്രഷർ ടെസ്‌റ്റ് ചെയ്യുകയും 15 വർഷം കഴിയുമ്പോൾ വാഹനം പൂർണമായിട്ടും മാറ്റേണ്ടതുമാണ്. അല്ലാത്തപക്ഷം ഇതും അഗ്നിബാധക്ക് കാരണമാകും.
അൻപതോ അറുപതോ വാൾട്ടിൻ്റെ ഹെഡ്‌ലൈറ്റുകൾ പിടിപ്പിക്കുന്നതിനുള്ള ഹോൾഡറുകളിൽ നൂറോ നൂറ്റിപ്പത്തോ സെൻ്റിഗ്രേഡ് ചൂടാകുന്ന ഹാലജൻ ബൾബുകളും, എച്ച്ഐഡി ബൾബുകളും ,ബല്ലാസ്‌റ്റുകളും ഉപയോഗിക്കുന്നതുവഴി 300, 350 സെൻ്റിഗ്രേഡിൽ ആയിരിക്കും ഇതിൻ്റെ ഹോൾഡറുകൾ ചൂടാവുക. അതിനാൽത്തന്നെ ഹെഡ്‌ലൈറ്റ് ഹോൾഡറുകളും അപകടം വിളിച്ചുവരുത്താം.
പാർക്കിങ് സ്ഥലത്തെ ഉണങ്ങിയ ഇലകളും അഗ്നിബാധക്ക് കാരണമാണ്. അതുപോലെതന്നെ പെട്ടെന്നു തീപിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
വാഹനത്തിൽ റബ്ബർ മാറ്റ് പോലുള്ള വസ്‌തുക്കളും റെക്‌സിനും പോളിസ്‌റ്ററും ഉപയോഗിക്കുമ്പോൾ തീപിടിക്കുന്ന സമയത്ത് ആളിപ്പടരുവാൻ കാരണമാകും. ആയതിനാൽ ഇത്തരം വസ്‌തുക്കൾ ഒഴിവാക്കുക.
വാഹനം കൃത്യമായി സർവീസ് ചെയ്യുകയും പെട്രോളിൻ്റെയോ മറ്റോ അമിതമായ ഗന്ധം അനുഭവപ്പെട്ടാൽ ഉടൻ സർവീസ് സെൻ്ററുമായി ബന്ധപ്പെടുക.