കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ന് രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനിൽ കുമാർ അടക്കമുള്ള നേതാക്കളുണ്ടായിരുന്നു.
മന്ത്രിയെ കെട്ടിപ്പിടിച്ച് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി കരഞ്ഞു. ഇതോടെ മന്ത്രിയും വിതുമ്പി.കുടുംബത്തിന്എല്ലാ പിന്തുണയുമുണ്ടാകുമെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് വിശ്രുതൻ ആവശ്യപ്പെട്ടു.
മകന് അവൻ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട് സ്ഥിരം ജോലി നൽകണമെന്ന് വിശ്രുതൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കണം. മുഖ്യമന്ത്രി തങ്ങളോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നും വിശ്രുതൻ പറഞ്ഞു. ഇതിനിടെ വീട് നവീകരിക്കാനുള്ള എല്ലാ സഹായവും നൽകുമെന്ന് കെ അനിൽകുമാർ അറിയിച്ചു.
ബിന്ദുവിന്റെ മരണം ഹൃദയഭേദകമാണെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണ്. സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം പൂർണമായും ഉണ്ടാകും. മുഖ്യമന്ത്രി കാര്യങ്ങൾ സംസാരിച്ചിരുന്നു. ഉചിതമായ തീരുമാനം ഉണ്ടാകും. വീണാ ജോർജ്ജ് പറഞ്ഞു.