കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ തള്ളിയ ആരോഗ്യമന്ത്രി. സാധ്യമാകും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീയ്ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണ്. തന്റെ ആദ്യ പ്രതികരണം വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ്. സ്ഥലത്ത് എത്തിയപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന വിവരമാണ് ലഭിച്ചത്. ആദ്യ പ്രതികരണം വലിയ ചര്‍ച്ചയായ സാചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. അപകട വിവരം അറിഞ്ഞ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകട സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വഴിയുണ്ടാക്കിയ ശേഷമാണ് യന്ത്രങ്ങള്‍ അപകട സ്ഥലത്തേക്ക് എത്തിച്ചത്. അപകടം നടന്ന സമയത്ത് രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നായിരുന്നു വിവരം. ഒരാളെ കാണില്ലെന്ന് പരാതി വന്നതിന് പിന്നാലെ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി അവകാശപ്പെട്ടു.
68 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. ബലക്ഷയം ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെട്ടിടത്തെ കുറിച്ച് 2013 ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2016ല്‍ എത്തിയ എല്‍ഡിഎഫ് സര്‍ക്കാരാണ് പുതിയ കെട്ടിടം പണിയാന്‍ പണം അനുവദിച്ചത് എന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 30 ന് ചേര്‍ന്ന യോഗത്തില്‍ രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനം ആയിരുന്നു. എന്നാല്‍ യോഗതീരുമാനം നടപ്പാക്കിയിരുന്നോ എന്നകാര്യം പരിശോധിക്കുമെന്ന് മന്ത്രി വിഎന്‍ വാസവനും പ്രതികരിച്ചു. . അപകടത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളെ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് സൂപ്രണ്ട് ഡോ. ജയകുമാര്‍ പറഞ്ഞു. ഇന്നു രാത്രി തന്നെ പുതിയ കെട്ടിടത്തിലേക്ക് വാര്‍ഡ് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ജയകുമാര്‍ അറിയിച്ചു.