ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഒന്നര വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറിൽ കെട്ടിത്തൂക്കിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഭർത്താവുമായുള്ള സ്വരച്ചേർച്ച കുറവിനെ തുടർന്ന് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയൻ(33) മകൾ വൈഭവിയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്നാണ് കരുതുന്നത്. അതേസമയം വിപഞ്ചികയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹങ്ങൾ എന്ന് നാട്ടിലേക്കു കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഷാർജയിൽ വിപഞ്ചികയുടെ ഒപ്പം താമസിച്ചിരുന്ന ജോലിക്കാരിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തൊട്ടിൽ കയറിലാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് മെയ്ഡിന്റെ മൊഴി. മലയാളിയായ മെയ്ഡ് പുറത്ത് പോയ സമയത്താണ് മരണങ്ങൾ സംഭവിച്ചതെന്നാണ് മൊഴി. സംഭവത്തിൽ കോട്ടയം ഡിവൈഎസ്പി വിപഞ്ചികയുടെ അമ്മയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റിൽ ഒരേകയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിപഞ്ചിക ബന്ധുവായ ഗുരുവായൂർ സ്വദേശിനിക്ക് തന്റെ സ്വർണാഭരണങ്ങളടങ്ങിയ പൊതി ഏൽപ്പിക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചിരുന്നതായി വിവരം പുറത്തുവന്നു. സ്വർണാഭരണങ്ങൾ കൂടാതെ, ബാങ്ക് എടിഎം കാർഡുകൾ, നാട്ടിലെ ബാങ്ക് ലോക്കറിന്റെ താക്കോൽ, ആയിരം ദിർഹം എന്നിവയും പൊതിയിലുണ്ടായിരുന്നു.