സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരം ചെയ്യാനൊരുങ്ങുന്ന സമസ്തക്കെതിരെ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണിതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
‘സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവര്‍ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ഒരോ സംഘടനകളും ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഈ വിഷയത്തില്‍ എന്ത് ചര്‍ച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും അവരുടെ മതവും ജാതിയും വിശ്വാസങ്ങളും പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടുവന്നാല്‍ ആതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസരംഗത്ത് പുരോഗമനനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ല’ ശിവന്‍ കുട്ടി പറഞ്ഞു.
അതേസമയം, സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധിച്ച് ഇകെ വിഭാഗം സമസ്തയുടെ സമരപ്രഖ്യാപനം ഇന്ന് കോഴിക്കോട് നടക്കും. കേരളത്തിലെ പതിനൊന്നായിരം മദ്രസകളുടെ പ്രവര്‍ത്തനത്തെയും 12 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ മതപഠനത്തെയും തീരുമാനം ബാധിക്കുമെന്നാണ് സമസ്തയുടെ പരാതി. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും, വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു.