ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊർജ്ജിതം. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകരുന്നത് ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. ഇതു കൂടാതെ തന്നെ മോശം കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ദേശീയപാത വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ നീക്കം നടത്തുന്നുണ്ട്. ഇതിനിടെ നൂറോളം പേരെ കാണാനില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 11 സൈനികരും ഉൾപ്പെടുന്നു. മിന്നല്‍ പ്രളയത്തില്‍ ഇതുവരെ അഞ്ചു മരണമാണ് സ്ഥിരീകരിച്ചത്. 190 പേരെ രക്ഷപ്പെടുത്തി. റോഡും പാലവും അടക്കം ഒലിച്ചുപോയതോടെ ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു പോയത്.
ഓപ്പറേഷന്‍ ശിവാലിക് എന്ന പേരില്‍ കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. സൈന്യം, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍എഫ്, ഐടിബിപി, തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. മിന്നല്‍ പ്രളയത്തില്‍ ധാരാലി ഗ്രാമത്തിലെ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. ഇവിടെ വിനോദസഞ്ചാരത്തിന് പോയി കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കാനാണ് ആലോചന. 28 മലയാളികള്‍ അടങ്ങുന്ന സംഘമുള്ളത് ഗംഗോത്രിക്ക് അടുത്തുള്ള ക്യാംപിലാണ്. തൃപ്പൂണിത്തുറ സ്വദേശികളായ നാരായണന്‍ നായര്‍, ശ്രീദേവി പിള്ള എന്നിവര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ടൂര്‍ പാക്കേജിലൂടെ 28 മലയാളികളാണ് വിനോദയാത്ര പോയത്. ഇതില്‍ എട്ടുപേര്‍ കേരളത്തില്‍ നിന്നുള്ളവരുമായിരുന്നു.