യുക്രൈൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ റഷ്യയ്‌ക്കു കൈമാറിയ യുഎസ് പൗരന് പൗരത്വം നൽകി റഷ്യ. പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ഉത്തരവ് പ്രകാരമാണ് ഇത്. അമേരിക്കൻ പൗരനായ ഡാനിയൽ മാർട്ടിൻഡേൽ ആണ് റഷ്യൻ പൗരത്വം സ്വീകരിച്ചത്. പൗരത്വം നൽകിയെന്ന വാർത്ത റഷ്യൻ ടെലിവിഷൻ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ‘റഷ്യ എൻ്റെ ഭവനം മാത്രമല്ല, കുടുംബം കൂടിയാണെന്ന വിശ്വാസം ഹൃദയത്തിൽ മാത്രമല്ല നിയമപ്രകാരവും ആയതിൽ അതിയായി സന്തോഷിക്കുന്നു’ റഷ്യൻ പാസ്‌പോർട്ട് ഉയർത്തികാട്ടി ഡാനിയൽ മാർട്ടിൻഡേൽ മാധ്യമങ്ങളോട് പറഞ്ഞു. പുടിൻ്റെ നിർദേശപ്രകാരമാണ് പൗരത്വം ഇദ്ദേഹത്തിന്ന നൽകിയതെന്നാണ് റിപ്പോർട്ട്.
2018ൽ മാർട്ടിൻഡേൽ റഷ്യയിലെത്തി റഷ്യൻ ഭാഷ പഠിക്കുകയും ഏതാനും നാൾ ഇംഗ്ലീഷ് അധ്യാപകനായി ഇവിടെ പ്രവർത്തിക്കുകയും ചെയ്‌തു. പിന്നീട് പോളണ്ടിലേക്കും അവിടെ നിന്ന് 2022 ൽ യുക്രെയ്‌നിലേക്കും എത്തുകയായിരുന്നു.
യുക്രൈനിൽ ആദ്യം ലിവിവ് നഗരത്തിൽ താമസിച്ചിരുന്ന ഡാനിയൽ സമൂഹമാധ്യമത്തിലൂടെയാണ് റഷ്യൻ സൈന്യവുമായി ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് യുക്രൈനിൻ്റെ സൈനിക വിന്യാസമുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറുകയായിരുന്നു.
മാർട്ടിൻഡേൽ താമസിച്ചിരുന്ന ഗ്രാമത്തിൻ്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതോടെ അദ്ദേഹത്തെ റഷ്യയിലെത്തിക്കുകയായിരുന്നു.
യുക്രൈനിൽ രണ്ട് വർഷം താമസിക്കവെ സൈനിക കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ മനസിലാക്കിയ ഇയാൾ ഈ വിവരങ്ങളെല്ലാം റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു. മോസ്കോയിൽ വെച്ചാണ് ഇദ്ദേഹത്തിന് പാസ്പോർട്ട് നൽകിയത്. തൻ്റെ കൂറ് കൊണ്ടും പ്രവർത്തികൊണ്ടും ഡാനിയൽ ഒരു റഷ്യക്കാരൻ ആണെന്ന് തെളിയിച്ചു എന്ന് ഉക്രെയ്നിലെ റഷ്യൻ അധിനിവേശ ഡൊണെറ്റ്സ്ക് മേഖലയുടെ തലവൻ ഡെനിസ് പുഷിലിൻ പറഞ്ഞു.