ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറയുന്നു.ലീഡ് റോള്‍ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇത്ര പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നുണ്ടോ എന്നും നടി ചോദിച്ചു,
ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിക്ക് ലഭിച്ചത്. ക്രിസ്റ്റോ ടോമി യുടെ സംവിധാനത്തിലൊരുങ്ങിയ ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിലുമുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടുന്നത്.
ബോളിവുഡ് ചിത്രം ജവാനിലെ പ്രകടത്തിന് ഷാറുഖ് ഖാനും ട്വൽത്ത് ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടെടുത്തു. റാണി മുഖർജിയാണ് മികച്ച നടി, ചിത്രം മിസ്സിസ് ചാറ്റർജി വേഴ്‌സസ് നോർവേ. ട്വൽത്ത് ഫെയില്‍ 2023ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടി.