ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനമാണ് യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ്. ഇപ്പോഴിതാ യുപിഐക്ക് ഒരു പ്രധാന അപ്‍ഡേറ്റ് എത്തിയിരിക്കുകയാണ്. മൊബൈൽ ഫോണുകൾക്ക് പുറമെ സ്‍മാർട്ട്‌ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കാറുകൾ തുടങ്ങിയ ഐഒടി ഉപകരണങ്ങൾക്ക് കൂടി ഓൺലൈൻ പേയ്‌മെൻറുകൾ ആരംഭിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനം എൻപിസിഐ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സവിശേഷത നിലവിൽ വന്നാൽ , കാറിലെ ഒരു ഐഒടി ഉപകരണത്തിൽ നിന്ന് പാർക്കിംഗ് ഫീസ് നേരിട്ട് അടയ്ക്കാം. അതുപോലെ, മെട്രോ ടിക്കറ്റുകൾ ഒരു വെയറബിൾ വാച്ചിലൂടെ തന്നെ പ്രോസസ് ചെയ്യാൻ കഴിയും. അതുമല്ലെങ്കിൽ ഒടിടികളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഐഒടി ഫീച്ചറുള്ള ഒരു സ്മാർട്ട് ടിവി വഴി പുതുക്കാൻ സാധിക്കും. അതായത് പേയ്‌മെൻറുകൾക്കായി തേഡ്-പാർട്ടി യുപിഐ ആപ്പുകളെ ആശ്രയിക്കേണ്ടിവരില്ല.
എല്ലാ യുപിഐ ഇടപാടുകൾക്കും ഒരു ഇടപാട് നടത്താൻ ഒരു പ്രാഥമിക മൊബൈൽ ഫോൺ ആവശ്യമാണ്. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ഒരു ഉപയോക്താവിൻറെ പ്രാഥമിക യുപിഐ ഐഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക വെർച്വൽ പേയ്‌മെൻറ് വിലാസം (VPA) ഉപയോഗിച്ച് പേയ്‌മെൻറുകൾ പ്രോസസ് ചെയ്യാൻ ഉപകരണങ്ങളെ അനുവദിക്കും.
എൻപിസിഐയുടെ യുപിഐ സർക്കിൾ വഴി ഉപകരണങ്ങളെ സ്വയം പേയ്‌മെൻറുകൾ നടത്താൻ പ്രാപ്തമാക്കും. ഇത് മുൻകൂട്ടി നിശ്ചയിച്ച പരിധിക്കുള്ളിൽ പേയ്‌മെൻറുകൾക്ക് അനുവദിക്കുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുകൾ, യൂട്ടിലിറ്റി ബില്ലുകൾ അല്ലെങ്കിൽ വായ്‌പ തിരിച്ചടവുകൾ പോലുള്ള ചെലവുകൾക്കായി ഉപയോക്താവിൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി പണം പിൻവലിക്കപ്പെടുന്നട്രാൻസാക്ഷൻ സംവിധാനമാണിത്.