ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചപ്പോള്‍ അത്പ ഇത്രയും വലിയൊരു പണിനൽകുമെന്ന് സ്വപ്നത്തിൽ പോലും ആ ഭര്‍ത്താവ് കരുതിയിട്ടുണ്ടാവില്ല. സോപ്പിട്ട് ഒന്ന് കുളിച്ചു, അത്ര തന്നെ എന്നാൽ അതിന്പി ന്നാലെയുണ്ടായ വഴക്ക്, അത് ചെന്ന് എത്തിയതാകട്ടെ ഗാർഹിക പീഡന കേസിലും.
ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. സോപ്പിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വളരെ നിസാര വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയും നൽകുകയുമായിരുന്നു. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
പ്രവീൺ തന്റെ സോപ്പെടുത്ത് ഉപയോഗിച്ചത് ഭാര്യയ്ക്ക് ഇഷ്ടമായില്ല എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച് ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു
13 വർഷം മുൻപായിരുന്നു പ്രവീണും ഭാര്യയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പ്രവീൺ രണ്ട് ദിവസം മുമ്പ് കുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ ഭാര്യ ചോദ്യം ചെയ്തു. എന്നാൽ എന്‍റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കുന്നുണ്ടല്ലോ എന്നും അപ്പോഴൊന്നും താൻ പരാതി പറഞ്ഞില്ലല്ലോ എന്നും പ്രവീൺ തിരിച്ച് ചോദിച്ചു
ഇരുവരും തമ്മിൽ വാക്കേറ്റമായി. നിസാര കാര്യത്തിന് തുടങ്ങിയ വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്കെത്തി. ഇതോടെ ഭാര്യ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതി ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ക്വാർസി പൊലീസ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയിൽ പ്രശ്നം അൽപ്പം തണുത്തുവെന്നാണ് വാർത്ത.