സൈക്കിളിൽ മോതിരങ്ങളും തകിടുകളും വിറ്റുനടന്ന ജമാലുദ്ദീൻ എന്ന ഛാങ്കുർ ബാബയ്ക്ക് കോടികളുടെ അനധികൃത ആസ്തിയെന്ന് കണ്ടെത്തൽ.
മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരനായ ഇയാൾക്ക് നിലവിൽ 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ സമ്പാദ്യവും, കോടികളുടെ മറ്റ് സ്വത്തുക്കളും ഉണ്ടെന്നാണ് കണ്ടെത്തൽ. ഈ പണമെല്ലാം പ്രധാനമായും മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.
ശനിയാഴ്ച ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് ഛാങ്കുർ ബാബയെയും ഇയാളുടെ അടുത്ത സഹായിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ജമാലുദ്ദീനെതിരായ അന്വേഷണം പുരോഗമിക്കവേയാണ് പുതിയ , ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവരുന്നത്. പാവപ്പെട്ടവരും, നിസ്സഹായരുമായ തൊഴിലാളികളെയും, ദുർബല വിഭാഗങ്ങളെയും, വിധവകളെയും സാമ്പത്തിക സഹായങ്ങളും വിവാഹ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇയാളെക്കുറിച്ച് യുപി ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിച്ച് വരികയാണ്. സംഘത്തിനെതിരെ കേസെടുത്ത യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും കേസ് അന്വേഷിക്കുന്നുണ്ട്.
ഈ മൂന്ന് ഏജൻസികൾക്ക് പുറമെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഛാങ്കുർ ബാബ എന്ന പീർ ബാബയുടെ വരുമാനം കണ്ടെത്താനുള്ള അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജമാലുദ്ദീൻ്റെ വരുമാനത്തിലുണ്ടായ പെട്ടെന്നുള്ള വർധനവാണ് ചൊവ്വാഴ്ച ലഖ്‌നൗവിലെ ഇഡി യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിന് ആധാരം.
ഉത്തർപ്രദേശിലെ റെഹ്‌റ മാഫി ഗ്രാമത്തിൽ നിന്നുള്ള ഛാങ്കുർ ബാബയുടെ സാമ്രാജ്യം നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ബൽറാംപൂർ ജില്ലയിലെ ഉത്തർവല്ല മേഖലയിലാണ്.പിന്നീട് ഇയാൾ റെഹ്‌റ മാഫി ഗ്രാമത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള മധ്പൂരിലെ ഒരു ദർഗയ്ക്ക് സമീപം ഒരു കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് താമസം മാറി. എന്നാൽ കേസിന് പിന്നാലെ നടന്ന സർക്കാർ അന്വേഷണത്തിൽ ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. അധികാരികൾ ഇത് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തു.