പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന ക്വീർ വിഭാഗത്തിന്റെ ഒരു റാലിയുടെ ദൃശ്യം ഇപ്പോൾ വൈറലാണ്. റാലിക്കെതിരെ യുകെ പൌരൻ ചെളി പമ്പ് ചെയ്തു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിൽ റോഡിലൂടെ നടന്ന് വരുന്ന റാലിക്കാരെയും അവരുടെ ദേഹത്തേക്ക് വലിയ പൈപ്പ് ഉപയോഗിച്ച് ചെളി പമ്പ് ചെയ്യുന്നയാളെയും വീഡിയോയിൽ കാണാം.
“Queers സംഘടിപ്പിച്ച ഫ്രീ പാലസ്റ്റീൻ മൂവ്മെന്റ് റാലിയിലേക്ക് സഹികെട്ട യുകെ പൗരൻ ചെളി പമ്പ് ചെയ്യുന്നു പിന്നല്ലാതെ ” എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വലിയ പ്രചാരണമാണ് നേടിയത്.
എന്നാൽ, പ്രചരിക്കുന്ന വീഡിയോ ഡീപ്പ് ഫേക്ക് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്കോട്ട് ചെഗ്സ് എന്ന എക്സ് അക്കൌണ്ട് പ്രസിദ്ധീകരിച്ച നിരവധി എഐ വീഡിയോകളിൽ ഒന്നാണിത്.
വീഡിയോയിലെ ആളുകളുടെ ചലനം, പൈപ്പിൽ നിന്നും വരുന്ന ചെളി, അത് ദേഹത്ത് വീഴുന്ന ഭാഗം, ചെളി പമ്പ് ചെയ്യുന്ന വ്യക്തിയുടെ വലിപ്പം എന്നിവയിലെല്ലാം അസാധാരണത്വം അനുഭവപ്പെട്ടു. ഇതിൽ നിന്നും വീഡിയോ ഡീപ്പ് ഫേക്ക് ആയിരിക്കാമെന്ന സൂചന ലഭിച്ചു.
സമാനമായ വീഡിയോ മുമ്പ് ഇന്റർ നെറ്റിൽ പ്രചരിച്ചിട്ടുണ്ട്. ലണ്ടനിൽ നടന്ന ക്വീർ വിഭാഗത്തിന്റെ റാലിയുടെ ദൃശ്യമാണ്. ഈ വീഡിയോയിൽ ചെളി പമ്പ് ചെയ്യുന്നതായി കാണുന്നില്ല. ആളുകൾ മുദ്രാവാക്യം വിളിച്ച് നീങ്ങുകയാണ് ചെയ്യുന്നത്.
എക്സ് പോസ്റ്റിന് കമന്റായി സ്കോട്ട് ചെഗ്സ് എന്ന അക്കൌണ്ടാണ് വൈറൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 41 സെക്കന്റ് ദൈർഘ്യമുള്ള യഥാർത്ഥ വീഡിയോയിൽ ആളുകൾ വരിവരിയായി മുദ്രാവാക്യം വിളിച്ച് റോഡിലൂടെ നടന്ന് നീങ്ങുന്നത് കാണാം. ഈ വീഡിയോയുടെ ആദ്യ ഭാഗങ്ങൾ എടുത്ത ശേഷം അടിവസ്ത്രം മാത്രം ധരിച്ചയാൾ വരുന്നതും ചെളി പമ്പ് ചെയ്യുന്നതും ആളുകൾ അയാൾക്ക് പിറകെ ഓടുന്നതുമടക്കമുള്ള ഭാഗങ്ങൾ കൃത്രിമമായി കൃത്രിമമായി കൂട്ടിച്ചേർക്കുകയായിരുന്നു.