രണ്ടു മാസം മുമ്പ് മരിച്ച അമ്മയുടെ അക്കൗണ്ടിലേക്ക് വന്ന 37 അക്ക തുക കണ്ട് ഞെട്ടി മകന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവിയുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ഗായത്രി ദേവി രണ്ടു മാസം മുമ്പ് മരിച്ചിരുന്നു.
എന്നാല്‍ അവരുടെ അക്കൗണ്ട് 19 വയസുകാരനായ മകന്‍ ദീപു ഉപയോഗിക്കുന്നുണ്ടായിരുന്നു. അക്കൗണ്ടിലേക്കെത്തിയ തുക കണ്ട് ദീപു ഞെട്ടി.
കൃത്യമായി പറഞ്ഞാല്‍ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയാണ് ഞായറാഴ്ച ഗായത്രി ദേവിയുടെ അക്കൗണ്ടിലെത്തിയത്. തുക കണ്ട് ഞെട്ടിപ്പോയ ദീപു ബാങ്കിലെത്തി ഇക്കാര്യം അറിയിച്ചു. അസാധാരണമായ തുക അക്കൗണ്ടിലെത്തിയ കാര്യം ബാങ്ക് സ്ഥിരീകരിച്ചു. ഈ സംഭവത്തിന്പി ന്നാലെ ഉടന്‍ തന്നെ അക്കൗണ്ട് മരവിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാങ്ക് അധികൃതര്‍ ഇക്കാര്യത്തിൽ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തു.വിഷയത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ അക്കൗണ്ടിലേക്ക് ഇത്രയും അസാധാരണമായ ഒരു തുക എങ്ങനെ വന്നുവെന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാങ്കിങ് പിശകോ, സാങ്കേതിക തകരാറോ അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടോ ആകാമെന്നാണ് പ്രാഥമിക നിഗമനം.