ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടിയായി പകരം തീരുവ ചുമത്തണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പകരം അതേ രീതിയിലുള്ള നടപടികൾ വേണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.
അതേസമയം, അമേരിക്ക-റഷ്യ ചര്‍ച്ചയെ പിന്തുണച്ചെത്തിയിരിക്കുകയാണ് ഇന്ത്യ. റഷ്യ-യുക്രെയ്ൻ സംഘര്‍ഷം തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.ആഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്
കൂടിക്കാഴ്ച്ചയെക്കുറിച്ച് ട്രംപും സാമൂഹ്യ മാധ്യമമായ ട്രൂത്തിൽ കുറിച്ചിട്ടുണ്ട്. അമേരിക്കയുടെ പ്രസിഡന്‍റ് എന്ന നിലയിൽ താനും റഷ്യൻ പ്രസിഡന്‍റ് പുടിനും തമ്മിലുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ആഗസ്റ്റ് 15 ന് അലാസ്കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും.
അതേസമയം, അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിക്കിടെ റഷ്യൻ പ്രസിഡന്‍റ് പുടിനുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തു.
മുമ്പ് 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ബുധനാഴ്ച 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇതോടെയാണ് ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയര്‍ന്നത്.
ജൂലായ് 30 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു. അധിക തീരുവ 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യുഎസ് തുറമുഖങ്ങളില്‍ പ്രവേശിക്കുന്ന എല്ലാ ഇന്ത്യന്‍ സാധനങ്ങള്‍ക്കും ഇത് ബാധകമാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ എന്തൊക്കെ സംഭവിച്ചാലും തീരുമാനത്തിൽ മാറ്റം വരുത്തുന്ന പ്രശ്നമില്ലെന്നും
സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ പിന്നോട്ടു പോകില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.