യുഡിഎഫ് യോഗത്തില്‍ പി വി അന്‍വറിനെതിരെ ഉയര്‍ന്നത് കടുത്ത വിമര്‍ശനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെ അപമാനിച്ചതിലാണ് അന്‍വറിനെതിരെ യുഡിഎഫ് യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. അതേസമയം, നിയമസഭ സീറ്റ് വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായി പി കെ കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. രണ്ട് സീറ്റ് വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ട വിവരമാണ് കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചത്. എന്നാല്‍ നിയമസഭാ സീറ്റില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. അന്‍വറിനായി പി കെ കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ശക്തമായി വാദിച്ചത്.
അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് നേരത്തെ എടുത്ത തീരുമാനം അറിയിക്കാന്‍ വൈകിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പി വി അന്‍വര്‍ നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിരുന്നു.
അതിനിടെ യുഡിഎഫിന്റെ സമവായ നീക്കം പരാജയപ്പെട്ടെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്നത്. അസോസിയേറ്റ് ഘടകക്ഷി ആക്കാനുള്ള യുഡിഎഫ് തീരുമാനം അന്‍വര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.