യുഎഇയിൽ പുതിയ തട്ടിപ്പ് വ്യാപകമെന്ന് മുന്നറിയിപ്പ് . ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയച്ചുവെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ കർശനമായ ജാഗ്രത നിർദേശം അധികൃതർ നൽകി. ബാങ്ക് അക്കൗണ്ടിലേക്ക് ഒരു അപരിചിതൻ പണം അയച്ചതായി നിങ്ങൾക്ക് മെസ്സേജോ കോളോ വന്നിട്ടുണ്ടെങ്കിൽ അതൊരു കെണിയാണെന്ന് മനസ്സിലാക്കണം
ഈ തട്ടിപ്പിന്റെ രീതി വളരെ സിമ്പിളും എന്നാൽ അപകടകരവുമാണ്. തട്ടിപ്പുകാർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയൊരു തുക അയക്കും. അക്കൗണ്ടിൽ നിന്ന് പണം മാറി അയച്ചതാണെന്നും അത് തിരികെ അയക്കണമെന്നും അവർ ആവശ്യപ്പെടും. പലപ്പോഴും ഈ പണം തട്ടിപ്പിനായി മാത്രം നിങ്ങളുടെ അക്കൗണ്ടിൽ അയച്ചതായിരിക്കും.
അപരിചിതമായി പണം വന്നാൽ അത് തിരികെ അയക്കാൻ ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും അയക്കരുത്.
ഉടൻതന്നെ നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന തുകയെക്കുറിച്ചും അത് എവിടെ നിന്ന് വന്നുവെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ബാങ്ക് നിങ്ങളെ കൃത്യമായി അറിയിക്കും.
വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുത്: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പിൻ നമ്പറുകൾ, ഒടിപി, അല്ലെങ്കിൽ മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ഫോണിലൂടെയോ മെസ്സേജിലൂടെയോ യാതൊരു കാരണവശാലും പങ്കുവെക്കരുത്. ബാങ്കുകൾ ഇത്തരം വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല.
അപ്രതീക്ഷിതമായി ലഭിക്കുന്ന പണത്തെക്കുറിച്ചുള്ള കോളുകളോ സന്ദേശങ്ങളോ സംശയത്തോടെ കാണണം.
എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ യുഎഇയിലെ സൈബർ പോലീസ് ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുക.