മലയാള വാര്‍ത്താ ചാനൽ റേറ്റിംഗിൽ കിരീടം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. സമീപകാലത്ത് റിപ്പോര്‍ട്ടര്‍ ടിവിയാണ് ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്ത് തളളി ഒന്നാമത് എത്തിയത്. തുടര്‍ച്ചയായ 5 ആഴ്ചകളില്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാം നമ്പര്‍ നിലനിര്‍ത്തി റിപ്പോര്‍ട്ടര്‍ വിജയക്കുതിപ്പ് നടത്തി.
എന്നാല്‍ ആറാമത്തെ ആഴ്ചയിൽ റിപ്പോര്‍ട്ടര്‍ ടിവി വീണിരിക്കുകയാണ്. റിപ്പോര്‍ട്ടറിനെ പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുന്നു. ഏറ്റവും പുതിയ ആഴ്ചയിലെ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിനുളളത് 91 പോയിന്റാണ്. റിപ്പോര്ട്ടറിനാകട്ടെ 86 പോയിന്റും. 24 ന്യൂസ് ആണ് 76 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഉളളത്.
42 പോയിന്റുകളുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 38 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തും നില്ക്കുന്നു. മലയാള വാര്‍ത്താ ചാനല്‍ രംഗത്തെ പുതുമുഖങ്ങളായ ന്യൂസ് മലയാളം 24 7 26 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. 19 പോയിന്റുമായി ജനം ടിവി ഏഴാം സ്ഥാനത്തും കൈരളി ടിവി എട്ടാം സ്ഥാനത്തും തന്നെ തുടരുന്നു. വെറും 7 പോയിന്റുകളുമായി മീഡിയാ വണ്‍ ചാനലാണ് പട്ടികയില്‍ പത്താമത് ഉളളത്.
ഇരുപത്തിരണ്ടാം ആഴ്ചയിലെ റേറ്റിംഗില്‍ ഇരുചാനലുകളും തമ്മില്‍ വളരെ ചെറിയ പോയിന്റ് വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 91.54 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ 89.85 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് തൊട്ട് പിറകില്‍ തന്നെ ഉണ്ടായിരുന്നു.