മാംഗ കലാകാരി റിയോ തത്സുകിയുടെ പ്രവചനത്തിന്റെ ദിനം കടന്നു പോയതിന്റെ ആശ്വാസത്തിലായിരുന്നു ജാപ്പനീസ് ജനങ്ങൾ. എന്നാൽ റഷ്യയിലുണ്ടായ ഭൂചലനം ഈ ആശ്വാസത്തെ അപ്പാടെ തുടച്ചുനീക്കിയിരിക്കുകയാണ്. എട്ടിന് മുകളിൽ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ വൻ ഭൂചലനമാണ് റഷ്യയിലുണ്ടായത്.ഇത് ജപ്പാനെ സുനാമി രൂപത്തിൽ ബാധിക്കുമെന്ന റിപ്പോർട്ടുകൾ വന്ന് കഴിഞ്ഞിരിക്കുകയാണ്.
ജപ്പാനിലെ ഹാക്കൈഡോയിൽ അപകട മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. കാലാവസ്ഥാ ഏജൻസി ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫുകുഷിമ ആണവ നിലയത്തിൽ നിന്നുപോലും മുൻകരുതൽ എന്ന നിലയിൽ തൊഴിലാളികളെ ഒഴിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
ജപ്പാനിൽ മാത്രമല്ല അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങി പത്തോളം രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2025ൽ ജപ്പാനെകാത്ത് വലിയൊരു ദുരന്തം വരുന്നുണ്ടെന്ന് റിയോ തത്സുകി പ്രവചിച്ചിരുന്നു. 2025 ജൂലായ് അഞ്ചിന് ജപ്പാനിനും ഫിലിപ്പീൻസിനും ഇടയിലുള്ള കടലിനടിയിൽ ഒരു വിള്ളൽ വീഴുകയും ഇത് തോഹോകു ഭൂകമ്പത്തേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമി ഉണ്ടാക്കുമെന്നുമായിരുന്നു അവരുടെ പ്രവചനം.
അതേസമയം, റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകൾ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്. പസിഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക് – കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.