റഷ്യയിലെ കംചത്ക ഉപദ്വീപിൽ ഉണ്ടായ വൻഭൂകമ്പത്തിന് പിന്നാലെ സുനാമി തിരകൾ അമേരിക്കയുടെയും ജപ്പാന്റെയും തീരത്തെത്തി. അമേരിക്കൻ സംസ്ഥാനങ്ങളായ അലാസ്‌കയിലും, ഹവായിലും, കാലിഫോർണിയയിലും, വാഷിംഗ്ടണിലും കൂറ്റൻ തിരമാലകളടിച്ചുകയറി. ജപ്പാനിലും കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചു കയറി. നാലു മീറ്ററോളം ഉയരമുള്ള സുനാമി തിരമാലകളാണ് അടിച്ചത്. ശക്തമായ തിരമാലകളിൽ കൂറ്റൻ തിമിംഗലകളും കരയിലേക്ക് എത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജപ്പാൻ തീരത്തെ തുറമുഖങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആധുനിക ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ 10 വലിയ ഭൂകമ്പങ്ങളിൽ ഒന്നെന്ന് കരുതുന്നതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ജപ്പാനിൽ. 19 ലക്ഷം പേരെ ഒഴിപ്പിച്ചു. കാലിഫോർണിയ-ഓറിഗൺ അതിർത്തിയിൽ ഒരുമീറ്ററിലേറെ ഉയരമുള്ള തിര രേഖപ്പെടുത്തി. വടക്കൻ കാലിഫോർണിയയിലെ ക്രെസന്റ് നഗരത്തിൽ 3.6 അടി( 1.09മീ) ഉയരമുള്ള തിരകൾ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്..
ഹവായിയിൽ സുനാമി മുന്നറിയിപ്പ് അഡ് വൈസറിയിലേക്ക് മാറ്റി. നാലുതരത്തിലാണ് യുഎസ് ദേശീയ കാലാവസ്ഥാ സർവീസ് ജാഗ്രതാ നിർദ്ദേശം നൽകാറുള്ളത്. വാണിംഗ്, അഡ് വൈസറി, വാച്ച്, ഇൻഫൊർമേഷൻ സ്റ്റേറ്റ്‌മെന്റ്. ഹവായിലാണ് സുനാമി ഏറ്റവും അധികം ആഞ്ഞടിക്കുമെന്ന് കരുതിയിരുന്നത്. എന്നാൽ, നിലവിൽ നോർത്തേൺ കാലിഫോർണിയയ്ക്ക് മാത്രമാണ് സുനാമിയുടെ നേരിട്ടുള്ള ഭീഷണിയെന്ന് യുഎസ് കാലാവസ്ഥ സർവീസ് അറിയിച്ചു.
ഫ്രഞ്ച് പോളിനേഷ്യയിൽ ഇന്നുരാത്രിയുടെ 2.2 മീറ്റർ ഉയരത്തിലുള്ള സുനാമി തിരമാലകൾ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണ പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തുള്ള അർദ്ധ സ്വയംഭരണപ്രദേശമായ ഫ്രഞ്ച് പോളിനേഷ്യയിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി കഴിഞ്ഞു. . യുഎസ് അധികൃതരിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ശ്രദ്ധിക്കണം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നപക്ഷം ഉയർന്ന പ്രദേശത്തേക്ക് മാറണം, തീരപ്രദേശങ്ങൾ ഒഴിവാക്കണം, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സന്നദ്ധരായിരിക്കണം, ഉപകരണങ്ങൾ ചാർജ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഇന്ത്യൻ പൗരന്മാർക്കു വേണ്ടി പുറപ്പെടുവിച്ചിട്ടുള്ളത്. സഹായം തേടുന്ന ഇന്ത്യക്കാർക്കായി അടിയന്തരസഹായത്തിന് ഫോൺ നമ്പറും (+14154836629) സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.