ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ ആഴ്ചയാണ് യു എസ് പ്രസിഡന്റ് ട്രംപ് ആദ്യം രംഗത്തെത്തിയത്. ഖത്തറിലെ ദോഹയില്‍ വെച്ചുനടന്ന ഒരു ബിസിനസ് പരിപാടിയില്‍ വെച്ച് ഡോണാള്‍ഡ് ട്രംപ്, ആപ്പിള്‍ സി ഇ ഒ ആയ ടിം കുക്കിനോട് ഇക്കാര്യത്തിലെ തന്റെ എതിര്‍പ്പ് പരസ്യമായി വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പും നല്‍കിയിരുന്നു. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്ന് തന്നെ ആപ്പിള്‍ സി ഇ ഒയോട് ട്രംപ് പരസ്യമായി പറഞ്ഞു. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അമേരിക്കയിലായിരിക്കണം നിര്‍മാണം നടത്തേണ്ടതെന്നും ട്രംപ് ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ ഈ മുന്നറിയിപ്പ് ആപ്പിള്‍ കമ്പനി അപ്പാടെ തള്ളിക്കളയുകയായിരുന്നു. നിക്ഷേപ പദ്ധതികളില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ആപ്പിള്‍, ഇന്ത്യന്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ ഒരു പ്രധാന നിര്‍മ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യന്‍ സര്‍ക്കാരിന് ഉറപ്പുനല്‍കുകയും ചെയ്തു. കോടികള്‍ മുടക്കിയിട്ട് പെട്ടെന്ന് പദ്ധതി വഴിയില്‍ ഉപേക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആപ്പിള്‍ ട്രംപിന്റെ ആവശ്യം നിരസിച്ചത്. അമേരിക്കയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ വന്‍ നഷ്ടമാകുമെന്ന് വിദഗ്ധരും ചൂണ്ടികാട്ടിയിരുന്നു. ഈ മുന്നറിയിപ്പ് വകവെക്കാതെയാണ് ആപ്പിള്‍ കമ്പനിക്ക് 25 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.