യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ദ് ട്രംപ് ഓർഗനൈസേഷൻ (The Trump Organization) ഇനി ടെലികോം രംഗത്തേക്കും, കമ്പനി ഇനി സ്വന്തമായി മൊബൈൽഫോണും റീചാർജ് പ്ലാനും ഇറക്കുകയാണ്. 499 ഡോളർ അതായത് ഏകദേശം 43,000 രൂപ വിലയുള്ള ‘ടി1’ (T1) സ്മാർട്ഫോണാണ് ‘ട്രംപ് മൊബൈൽ’ (Trump Mobile) വിപണിയിലിറക്കുന്നത്. വിപണിയിലെത്തുന്നതിന് മുമ്പേ ഫോണിന് വൻഡിമാൻഡാണ്. ഫോൺ എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ആളുകൾ.
സെപ്റ്റംബറിലാണ് ഫോൺ വിപണിയിൽ എത്തുന്നതെങ്കിലും 100 ഡോളർ (8,600 രൂപ) നൽകി ഇപ്പോൾ ബുക്ക് ചെയ്യാമെന്ന് ട്രംപ് ഓർഗനൈസേഷൻ വ്യക്തമാക്കി. അതേസമയം, ഫോൺ ബുക്ക് ചെയ്യാൻ ആളുകൾ തിക്കിത്തിരക്കിയതോടെ കമ്പനിയുടെ വെബ്സൈറ്റ് ഏറെ നേരത്തേക്ക് പ്രവർത്തനരഹിതമാവുക പോലും ചെയ്തു.
പ്രതിമാസം 47.45 ഡോളറിന്റെ (ഏകദേശം 4,000 രൂപ) ഒരു റീചാർജ് പ്ലാനും ട്രംപ് ഓർഗനൈസേഷൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് കോളും എസ്എംഎസും ഡേറ്റയും (ഇന്റർനെറ്റ്) ഒപ്പം 24*7 റോഡ്സൈഡ് അസിസ്റ്റൻസും ടെലിഹെൽത്ത് സേവനവും മറ്റും ഉറപ്പുനൽകുന്നതാണ് ‘ദ് 47 പ്ലാൻ’ (The 47 Plan).
സ്വർണ നിറമാണ് ട്രംപ് ഓർഗനൈസേഷൻ ടി1 സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിലെ ‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ’ (Make America Great Again) എന്ന ട്രംപിന്റെ മുദ്രാവാക്യവും അമേരിക്കൻ പതാകയും ഈ ഫോണിലുണ്ട്.