ആയത്തുള്ള അലി ഖമേനി സംഘര്‍ഷത്തില്‍ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും താനാണ് ജീവൻ രക്ഷിച്ചതെന്നുമുള്ള അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേലിനെതിരെയും അമേരിക്കയ്ക്കെതിരെയുമുള്ള സംഘര്‍ഷത്തില്‍ ഇറാൻ വിജയിച്ചെന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധത്താൽ തകർക്കപ്പെട്ട ഇറാനിലെ സോകോൾഡ് പരമോന്നത നേതാവ് ആയത്തൊള്ളയ്ക്ക് എങ്ങനെയാണ് ഇസ്രായേലിനോട് യുദ്ധത്തിൽ ജയിച്ചെന്ന് മണ്ടത്തരവും വീരവാദവും പറയാൻ കഴിയുന്നത്. അയാൾക്ക് തന്നെ അറിയാം പറയുന്നത് കള്ളമാണെന്ന്. രാജ്യം നശിപ്പിക്കപ്പെട്ടു, ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. ആ സമയത്ത് അദ്ദേഹം എവിടെയാണ് അഭയം പ്രാപിച്ചതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു, ഇസ്രയേല്‍ സേനയും യുഎസ് സേനയും കൂടി ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെങ്കിലും ഞാൻ അനുവദിച്ചില്ല.
മരണത്തിൽ നിന്ന് ഞാൻ അദ്ദേഹത്തെ രക്ഷിച്ചു, എന്നോട് അദ്ദേഹം നന്ദി പറയണം,” എന്ന് ട്രംപ് കുറിച്ചു. ഏറ്റവും നീചവും മോശവുമായി മരണത്തില്‍ നിന്നാണ് ഖമേനിയെ താൻ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങാനായിരുന്നു ഇസ്രയേലിന്റെ പദ്ധതി. ഒരുകൂട്ടം മിസൈലുകളും യുദ്ധ വിമാനങ്ങളും ഇറാനിലേക്ക് അയയ്ക്കാൻ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു, അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇറാനിലെ നിരവധി ജനങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും താനാണ് ഇസ്രേയേലിനെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. താൻ ഇടപെട്ടത് കൊണ്ട് ഇസ്രയേലിൻ്റെ വലിയ യുദ്ധവിമാനങ്ങൾ തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ സൈറ്റുകളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യുഎസ് നടത്തിയ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിനെ കുറിച്ചും ട്രംപ് വിശദീകരിച്ചു. കോണ്‍ഗ്രീറ്റ് പാളികളുടെ സഹായത്തോടെ നിര്‍മിച്ച ആണവ കേന്ദ്രങ്ങളിലെ ചിലഭാഗങ്ങള്‍ നശിപ്പിച്ച രീതിയും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചില്ലെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്നും, എന്നാല്‍ കാലം ഇത് തെളിയിക്കുമെന്നും ട്രംപ് പറഞ്ഞു.