റൊമാനിയയിലെ കാർപാത്തിയൻ പർവതനിരയിൽ വച്ച് ഒരു കരടി വിനോദ സഞ്ചാരിയെ കൊലപ്പെടുത്തി. കരടികുഞ്ഞുമായി സെല്‍ഫി എടുത്തതിന് പിന്നാലെയാണ് കരടി ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇറ്റാലിയൻ വിനോദ സഞ്ചാരിയായ ഒമർ ഫറാങ് സിന്നിനാണ് (49) ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
പ്രദേശത്ത് കരടിയുടെ ആക്രമണത്തെ കുറിച്ച് മറ്റ് വിനോദസഞ്ചാരികൾ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അപകടത്തിന് ശേഷം ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് ഒമറിന്റെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
മരണത്തിന് ഒരു ദിവസം മുമ്പ് ഓമർ, ഒരു കരടിയോടൊപ്പമുള്ള തന്റെ സെല്‍ഫി ചിത്രങ്ങൾ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. തന്റെ പിന്നില്‍ അല്പം ദൂരെയായി നില്ക്കുന്ന കരടിയെ ചൂണ്ടിക്കൊണ്ട് ചിരിച്ച് കൊണ്ട് നില്ക്കുന്ന ഒമറിന്റെ സെല്‍ഫി ചിത്രമായിരുന്നു അദ്ദേഹം പങ്കുവച്ചത്. വീഡിയോയില്‍ അദ്ദേഹം റോഡരികിൽ ഇരിക്കുന്ന ഒരു കരടിയെ മറികടന്ന് തന്റെ മോട്ടോര്‍ സൈക്കിളുമായി പോകുന്നത് കാണാം. ‘ഇതാ കരടി! എത്ര മനോഹരം. അത് എന്റെ നേരെ വരുന്നു’. ഒമർ വീഡിയോയില്‍ പറയുന്നത് കേൾക്കാമെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് ഒരു 19 -കാരിയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. റൊമാനിയയിൽ 10,000 മുതൽ 13,000 വരെ തവിട്ട് കരടികളുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റൊമാനിയയിൽ ഏകദേശം 30 പേർ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.