നിപാ ബാധിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. മുമ്പ്പെ രിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. ഇവരുടെ മകനും രോഗ ലക്ഷണം കണ്ടെത്തി. നാട്ടുകൽ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. ജൂലൈ ഒന്നിനാണ് ഇവരെ പനിയും ശ്വാസതടസവും കൂടി ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ നിപാ പോസിറ്റീവാണെന്ന് ഫലം വന്നിരുന്നു.
എന്നാൽ യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് സംബന്ധിച്ച് യാതൊരു വിവരവുമില്ല. ഈ യുവതിയുടെ ബന്ധുവായ 10 വയസുകാരനെ രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലക്കാടും മലപ്പുറവും കോഴിക്കോടും അതീവ ജാഗ്രതിയിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് വലിയ പ്രതിസന്ധി. നാട്ടുകൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഏറെയും കുട്ടികളാണ്.
അതേസമയം, കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തുകയാണ്. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാർഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാർഡുകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിലെ കടകൾ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം തുറന്നു പ്രവർത്തിക്കുന്നതിൽ നിയന്ത്രണമുണ്ട്. പ്രദേശത്ത് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.