യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും കേൾക്കപ്പെടുന്നത് പുതിയതോ അതിശയകരമോ ആയ ഒന്നല്ല… നമ്മുടെ കേസിന്റെ നാൾവഴികളിലുടനീളം ഇത്തരത്തിലുള്ള, രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട്, ഇത് വളരെ സാധാരണം മാത്രമാണ്. അതിനർത്ഥം, ഞങ്ങൾ അനുഭവിച്ച സമ്മർദ്ദങ്ങൾ എല്ലാം മറന്നുവെന്നല്ല, ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, മറ്റൊന്നും അല്ല,
കാര്യം എന്തുതന്നെയായാലും. ഇപ്പോൾ വിധിനടപ്പാക്കൽ മാറ്റിവെക്കപ്പെട്ടിരിക്കുന്നു, ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല—നിർഭാഗ്യവശാൽ—പ്രത്യേകിച്ചും, നടപ്പാക്കൽ നിർത്തിവെച്ചവർക്ക് ഏതെങ്കിലും രൂപത്തിലോ വിധത്തിലോ ഉള്ള അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ പൂർണ നിരാകരണം അറിയാം.
എന്തായാലും, ശിക്ഷ നടപ്പാക്കൽ തീയതി നിശ്ചയിച്ചതിനുശേഷം ഇത്തരം ശ്രമങ്ങൾ വരുന്നത് മുമ്പത്തേക്കാൾ ബുദ്ധിമുട്ടാണ്. ഞങ്ങൾ ശിക്ഷ നടപ്പാക്കൽ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാൻ പ്രേരിപ്പിക്കില്ല, സമ്മർദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല… സത്യം മറക്കപ്പെടുകയില്ല… നീതി വരും,എത്ര ദൈർഘ്യമെടുത്താലും, ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.