ഇനി മുതൽ തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. യഥാർത്ഥ യാത്രക്കാർക്ക് ആവശ്യസമയത്ത് ടിക്കറ്റുകൾ ലഭിക്കുന്നതിന് സഹായിക്കാൻ ഇന്ത്യൻ റെയിൽവേ ഉടൻതന്നെ ഇ-ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . മെയ് 24 മുതൽ ജൂൺ 2 വരെയുള്ള ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിങ് വിശകലനം ചെയ്തപ്പോൾ, ആദ്യ മിനിറ്റിൽ എസി ക്ലാസ് ടിക്കറ്റുകളിൽ ശരാശരി 5,615 എണ്ണം മാത്രമാണ് ബുക്ക് ചെയ്തത്.
എന്നാൽ, രണ്ടാം മിനിറ്റിൽ ഇത് 22,827 ടിക്കറ്റുകളായി ഉയർന്നു. ആദ്യ 10 മിനിറ്റിനുള്ളിൽ 62.5 ശതമാനം ടിക്കറ്റുകളും, ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മിനിറ്റ് മുതൽ ചാർട്ട് തയ്യാറാക്കുന്നത് വരെയുമാണ് ബുക്ക് ചെയ്തത്.
നോൺ-എസി വിഭാഗങ്ങളിലും ഇതേ രീതി തന്നെയാണ് കണ്ടത്. ആദ്യ മിനിറ്റിൽ 4 ശതമാനം ടിക്കറ്റുകളും, രണ്ടാം മിനിറ്റിൽ 17.5 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ആദ്യ 10 മിനിറ്റിനുള്ളിൽ ഏകദേശം 66.4 ശതമാനം ടിക്കറ്റുകൾ വിറ്റുപോയപ്പോൾ, ആദ്യ മണിക്കൂറിനുള്ളിൽ 84.02 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. വിൻഡോ തുറന്ന് 8 മുതൽ 10 മണിക്കൂറിന് ശേഷവും ഏകദേശം 12 ശതമാനം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം ഉപയോക്താക്കളെ റെയിൽവേ ഇത്തരത്തിൽ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.
നിലവിൽ, ഐആർസിടിസി വെബ്സൈറ്റിൽ 130 ദശലക്ഷത്തിലധികം വരിക്കാരുണ്ട്, അതിൽ 12 ദശലക്ഷം മാത്രമാണ് ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾ. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്താൻ ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ റദ്ദ് ചെയ്യും