മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് തുറന്നുസമ്മതിച്ച് തഹാവൂര്‍ റാണ. താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റാണ്. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ താന്‍ മുംബൈ നഗരത്തില്‍ ഉണ്ടായിരുന്നു. പാക് ചാരസംഘടന ഐഎസ്‌ഐയുടെ ആസൂത്രണത്തിൽ നടത്തിയതാണ് ഇതെന്ന് തഹാവൂര്‍ റാണ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ നിരവധി പരിശീലന സെഷനുകളിലും താനും, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും പങ്കെടുത്തിട്ടുണ്ടെന്ന് റാണ എന്‍ഐഎയോട് സമ്മതിച്ചു.
മുംബൈയില്‍ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ തുറക്കാനുള്ള ആശയം തന്റേതാണ്. ഇതിലൂടെ സാമ്പത്തിക ഇടപാടുകളെല്ലാം ബിസിനസ് ചെലവുകള്‍ എന്ന നിലയിലാണ് നടത്തിയിരുന്നത്. ഭീകരാക്രമണസമയത്ത് താന്‍ മുംബൈയിലുണ്ടായിരുന്നത് ഭീകരവാദ പദ്ധതികളുടെ ഭാഗമായിട്ടാണ്.
പാകിസ്ഥാന്‍ സൈന്യവുമായി ദീര്‍ഘകാലമായി സഹകരിച്ചു വരികയാണ്. ഖലീജ് യുദ്ധസമയത്ത് പാക് സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നുവെന്നും തഹാവൂര്‍ റാണ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് തഹാവൂര്‍ റാണയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് മുംബൈ പൊലീസിന്റെ തീരുമാനം.
പാകിസ്ഥാനിലെ റാവല്‍പിണ്ടി ആര്‍മി മെഡിക്കല്‍ കോളേജില്‍ നിന്നും 1986ലാണ് തഹാവൂര്‍ ഹുസൈന്‍ റാണ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. തുടർന്ന് പാക് സൈന്യത്തില്‍ ക്യാപ്റ്റന്‍ പദവിയിൽ ഡോക്ടറായി നിയമിതനായി. ക്വറ്റയിലായിരുന്നു നിയമനം. ശ്വാസകോശരോഗത്തെത്തുടർന്ന് സൈനിക ജോലിയില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ പാക് സൈന്യം റാണയെ സേനയില്‍നിന്ന് ഉദ്യോഗം വിട്ട് ഒളിച്ചോടിയ ആളായി പ്രഖ്യാപിച്ചു. ഇയാളുടെ സര്‍വീസ് രേഖകളിലും ഇത് രേഖപ്പെടുത്തി. സര്‍വീസ് രേഖകളിൽ നിന്നും ഇതെല്ലാം നീക്കംചെയ്യാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് ഡേവിഡ് ഹെഡ്‌ലിക്കൊപ്പം ഭീകരാക്രമണത്തില്‍ പങ്കാളിയായതെന്നും റാണ മൊഴി നൽകിയിട്ടുണ്ട്.
പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനും ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത സഹായിയുമായ തഹാവൂർ റാണയെ ഈ വർഷം ആദ്യമാണ് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയത്.